ഇന്ത്യ-യുഎസ് വ്യാപാര കരാർ അന്തിമമാക്കുന്നത് നീണ്ടു പോകാൻ കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് പ്രസിഡന്റ്റ് ഡൊണൾഡ് ട്രംപിനെ വിളിക്കാത്തതിനാൽ എന്ന യുഎസ് വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്‌നിക്കിന്റെ പ്രസ്താവന തള്ളി ഇന്ത്യ. 2025ൽ ഇരു നേതാക്കളും എട്ട് തവണ സംസാരിച്ചിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു. വ്യാഴാഴ്‌ച ഒരു പോഡ്‌കാസ്റ്റിലാണ് വാണിജ്യ സെക്രട്ടറിയുടെ പുതിയ പ്രതികരണം വന്നത്.
കരാർ പ്രാവർത്തികമാക്കാൻ പ്രസിഡന്റിനെ വിളിക്കാൻ മോദിയോട് ആവശ്യപ്പെട്ടു. എന്നിരുന്നാലും, മിസ്റ്റർ മോദി വിളിച്ചില്ല എന്നായിരുന്നു യുഎസ് വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്‌നിക്കിന്റെ വാക്കുകൾ. രാജ്യത്തെ1.4ബില്യൺ ജനങ്ങളുടെ ഊർജ്ജ സുരക്ഷാ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി വൈവിധ്യമാർന്ന സ്രോതസ്സുകളിൽ നിന്ന് താങ്ങാനാവുന്ന വിലയിൽ ഊർജ്ജം നേടേണ്ടതിന്റെ അനിവാര്യതയാണ് ഞങ്ങളെ നയിക്കുന്നത് എന്നും വിദേശകാര്യ വക്താവ് പ്രതികരിച്ചു.
ഇന്തോനേഷ്യ, ഫിലിപ്പീൻസ്, വിയറ്റ്നാം എന്നീ രാജ്യങ്ങളുമായി ഇതിനിടെ തന്നെ വ്യാപാര കരാറുകൾ യുഎസ് പ്രവർത്തികമാക്കിയെന്നും എന്നാൽ ഇന്ത്യയുമായുള്ള വ്യാപാര കരാർ അവർക്ക് മുമ്പ് നടക്കുമെന്ന് കരുതിയിരുന്നതായും വാണിജ്യ സെക്രട്ടറി പറഞ്ഞു.ഇന്ത്യ യു എസ് ഉഭയകക്ഷി വ്യാപാര കരാർ അന്തിമമാക്കുന്നതിന് ഇതുവരെ ആറ് റൗണ്ട് ചർച്ചകൾ പൂർത്തിയാക്കിയിട്ടുണ്ട്. അമേരിക്കയിലേക്ക് കയറ്റി അയക്കുന്ന ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 50% തീരുവ പരിഹരിക്കുന്നതിനുള്ള ഒരു ചട്ടക്കൂട് ഉൾപ്പെടുന്നതാണ് കരാർ. പക്ഷെ ഇതുവരെ ധാരണ പൂർണ്ണമാക്കാനായില്ല.

