ന്യൂയോർക്ക്: ന്യൂയോർക്ക് നഗരത്തിന്റെ പുതിയ മേയറായി അധികാരമേറ്റ് 34 വയസ്സുകാരനായ സൊഹ്റാൻ മംദാനി. മാൻഹട്ടനിലെ ആദ്യത്തെ സബ്‌വേ സ്റ്റേഷനുകളിലൊന്നായ പ്രശസ്തമായ ഓള്‍ഡ് സിറ്റി ഹാള്‍ സ്റ്റേഷനിലായിരുന്നു സത്യപ്രതിജ്ഞ. ഖുര്‍ആനില്‍ തൊട്ട് സത്യപ്രതിജ്ഞ ചെയ്താണ് മംദാനി മേയറായി അധികാരമേറ്റത്. ഇതോടെ യുഎസിലെ ഏറ്റവും വലിയ നഗരത്തിലെ ആദ്യത്തെ മുസ്‌ലിം മേയറായി ഇന്ത്യൻ വംശജനായ മംദാനി മാറി. തന്‍റെ ജീവിതത്തിലെ വലിയ ബഹുമതിയാണിതെന്ന് മംദാനി പറഞ്ഞു. ന്യൂയോർക്കിന്റെ ആദ്യ സൗത്ത് ഏഷ്യൻ മേയർ എന്ന റെക്കോർഡും മംദാനിക്കാണ്.
ന്യൂയോര്‍ക്ക് കുടിയേറ്റക്കാരാൽ നിർമിതമാണെന്നും ഇനി ഒരു കുടിയേറ്റക്കാരൻ തന്നെ ന്യൂയോര്‍ക്കിനെ നയിക്കുമെന്നും പറഞ്ഞാണ് മുപ്പത്തിനാലുകാരനായ, മുൻ റാപ്പ് ഗായകന്‍ കൂടിയായ മംദാനി അമരത്തേക്ക് എത്തുന്നത്. തനിക്കെതിരെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നടത്തിയ നീക്കങ്ങളെല്ലാം തകര്‍ത്ത് സാധാരണക്കാരന്‍റെ പ്രശ്നങ്ങള്‍ ഏറ്റെടുത്ത് അതിന് പരിഹാരം ഉറപ്പ് നല്‍കിയാണ് സൊഹ്റന്‍ മംദാനി ജയിച്ചു കയറിയത്. അതിനാല്‍ തന്നെ ന്യൂയോര്‍ക്ക് മാത്രമല്ല ലോകമാകെ മംദാനയിയുടെ ഭരണം ഉറ്റുനോക്കുന്നു. വാടക വര്‍ധന മരവിപ്പിക്കൽ, സൗജന്യ നഗര ബസ് സർവീസ്, സൗജന്യ ശിശുപരിപാലനം തുടങ്ങി ജീവിതച്ചെലവുകള്‍ കുറയ്ക്കുന്ന മംദാനിയുടെ ജനപ്രിയവാഗ്ദാനങ്ങള്‍ യാഥാര്‍ഥ്യമാകുന്നത് കാത്തിരിക്കുകയാണ് ജനം. അതേസമയം, അതിശൈത്യത്തിലായ നഗരത്തില്‍ മഞ്ഞുവീഴ്ചമൂലമുള്ള പ്രതിസന്ധി തരണം ചെയ്യുകയാണ് അടിയന്തര ഇടപെടല്‍ വേണ്ട വിഷയം.

