Saturday, January 10, 2026
HomeAmericaസെലെൻസ്കിയുമായി നടന്ന ചർച്ചയിൽ മികച്ച പുരോഗതി കൈവരിക്കാനായെന്ന് ട്രംപ്

സെലെൻസ്കിയുമായി നടന്ന ചർച്ചയിൽ മികച്ച പുരോഗതി കൈവരിക്കാനായെന്ന് ട്രംപ്

ഫ്ലോറിഡ : റഷ്യ – യുക്രെയ്‌ൻ യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള 20 ഇന സമാധാന പദ്ധതിയിന്മേൽ യുക്രെയ്‌ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയുമായി നടന്ന ചർച്ചയിൽ മികച്ച പുരോഗതി കൈവരിക്കാനായെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഫ്ലോറിഡയിലെ മാർ-എ-ലാഗോയിലുള്ള ട്രംപിന്റെ റിസോർട്ടിൽ സെലെൻസ്കിയുമായി നടത്തിയ കൂടിക്കാഴ്ചയ്‌ക്കു ശേഷം സംയുക്ത വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘എല്ലാ വിഷയങ്ങളിലും വിശദമായ ചർച്ച നടത്തി. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള ഏറ്റവും വലുതും മാരകവുമായ യുദ്ധമായി മാറിക്കഴിഞ്ഞ യുക്രെയ്ൻ – റഷ്യ യുദ്ധം അവസാനിപ്പിക്കുകയാണ് ലക്ഷ്യം. ഒന്നോ രണ്ടോ സങ്കീർണ്ണമായ പ്രശ്നങ്ങളുണ്ട്, വളരെ കഠിനമായവ. എന്നാൽ ചർച്ചകൾ വളരെ നന്നായി മുന്നോട്ട് പോകുന്നുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. ഡോൺബാസിൽ ഒരു സ്വതന്ത്ര വ്യാപാര മേഖല സ്ഥാപിക്കുന്ന കാര്യത്തിൽ ഇപ്പോഴും ധാരണയിലെത്താൻ സാധിച്ചിട്ടില്ല. അതൊരു വളരെ കഠിനമായ വിഷയമാണ്, പക്ഷേ അത് പരിഹരിക്കാനാവുമെന്ന് കരുതുന്നു’ – ട്രംപ് വ്യക്തമാക്കി. 

റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി ട്രംപ് രണ്ടു മണിക്കൂർ ഫോണിൽ സംസാരിച്ചെന്ന് ട്രംപ് പറഞ്ഞു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ, ഫിൻലൻഡ് പ്രസിഡന്റ് അലക്‌സാണ്ടർ സ്റ്റബ്, പോളണ്ട് പ്രസിഡന്റ് കരോൾ നവ്റോക്കി, നോർവീജിയൻ പ്രധാനമന്ത്രി ജോനാസ് ഗഹർ സ്റ്റോർ, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജ മെലോനി, ബ്രിട്ടിഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ, ജർമൻ ചാൻസലർ ഫ്രെഡറിക് മെർസ്, നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റുട്ടെ, യൂറോപ്യന്‍ കമ്മിഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയന്‍ എന്നിവരുമായും ഫോണിൽ സംസാരിച്ചെന്ന് ട്രംപ് പറഞ്ഞു.

സമാധാന പദ്ധതിയിലെ എല്ലാ വിഷയങ്ങളിലും ഞങ്ങൾ അർത്ഥവത്തായ ചർച്ച നടത്തിയെന്നും സുപ്രധാനമായ ഫലങ്ങൾ കൈവരിക്കുകയും ചെയ്തെന്ന് യുക്രെയ്‌ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി പറഞ്ഞു. ‘20 ഇന സമാധാന പദ്ധതിയുടെ 90 ശതമാനത്തിലും ധാരണയായി. തുടർന്നുള്ള നടപടികളുടെ ക്രമത്തെക്കുറിച്ചും ഞങ്ങൾ ചർച്ച ചെയ്തു. ശാശ്വതമായ സമാധാനം കൈവരിക്കുന്നതിന് സുരക്ഷാ ഉറപ്പുകൾ നിർണായകമാണെന്ന് ഞങ്ങൾ യോജിക്കുന്നു, ഞങ്ങളുടെ ടീമുകൾ എല്ലാ വശങ്ങളിലും തുടർന്നും പ്രവർത്തിക്കും.’ – സെലെൻസ്കി പറഞ്ഞു. ചർച്ച ചെയ്ത എല്ലാ വിഷയങ്ങളിലും അന്തിമ തീരുമാനമെടുക്കുന്നതിനായി യുക്രെയ്‌ൻ, യുഎസ് പ്രതിനിധികൾ അടുത്തയാഴ്ച യോഗം ചേരുമെന്നും, ജനുവരിയിൽ വാഷിങ്ടനിൽ യുക്രെയ്‌ൻ, യൂറോപ്യൻ നേതാക്കൾക്ക് ആതിഥേയത്വം വഹിക്കാൻ ട്രംപ് സമ്മതിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരു മാസത്തിലേറെ നടന്ന ചർച്ചകൾക്ക് നേതൃത്വം നൽകിയ യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, ട്രംപിന്റെ മരുമകനും ഉപദേഷ്ടാവുമായ ജാറദ് കഷ്നർ എന്നിവർക്ക് സെലെൻസ്കി നന്ദി പറഞ്ഞു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments