ചെന്നൈ : ജനുവരി 10നകം പൊങ്കൽകിറ്റ് വിതരണം പൂർത്തിയാക്കുമെന്ന് തമിഴ്‌നാട് കൈത്തറി, ടെക്‌സ്റ്റൈൽസ് മന്ത്രി ആർ. ഗാന്ധി പറഞ്ഞു. പൊങ്കൽ ആനുകൂല്യങ്ങൾ സംബന്ധിച്ച് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഉടൻ ഔദ്യോഗിക പ്രഖ്യാപനം നടത്തും. പൊങ്കൽ സമ്മാന വിതരണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായും മന്ത്രി അറിയിച്ചു. ജനുവരി 10-നകം വിതരണം പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.
ഇത്തവണ പൊങ്കൽ സമ്മാനമായി പണം നൽകിയേക്കുമെന്നും മന്ത്രി സൂചിപ്പിച്ചു. ഒരു കിലോ വീതം പച്ചരി, പഞ്ചസാര, ഒരു കരിമ്പ് എന്നിവയടങ്ങുന്ന കിറ്റ് ആണു പൊങ്കലിനു നൽകാറുള്ളത്. സംസ്ഥാനത്തെ സാമ്പത്തിക ഞെരുക്കം കണക്കിലെടുത്ത് കഴിഞ്ഞ വർഷം പണം നൽകിയിരുന്നില്ല. 2023ലും 2024ലും 1,000 രൂപയാണു നൽകിയത്. നിയമസഭാ തിരഞ്ഞെടുപ്പ് കൂടി കണക്കിലെടുത്ത് ഇത്തവണ 2,500 രൂപ നൽകുമെന്നാണു സൂചന. ജനുവരി 14 മുതലാണ് തമിഴ്നാട്ടിൽ പൊങ്കൽ ആഘോഷം.
2021ൽ എഐഎഡിഎംകെയുടെ ഭരണകാലത്ത് പൊങ്കൽ കിറ്റിനൊപ്പം 2,500 രൂപ നൽകിയിരുന്നു. ഇതായിരുന്നു സംസ്ഥാനത്തു പൊങ്കൽ ആഘോഷത്തിനു ഇതുവരെ നൽകിയ വലിയ തുക. 2021 മേയിൽ ഡിഎംകെ അധികാരമേറ്റ ശേഷം തുക ആയിരമാക്കി കുറച്ചു. എന്നാൽ കഴിഞ്ഞ വർഷം സംസ്ഥാനത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ട് കണക്കിലെടുത്ത് ഈ തുകയും വെട്ടിക്കുറയ്ക്കുകയായിരുന്നു. ഇത്തവണ നിയമസഭ തിരഞ്ഞെടുപ്പിലേക്ക് അടുക്കുമ്പോൾ വോട്ടർമാരെ പിണക്കാതിരിക്കാൻ കൂടിയാണ് തുക വർധിപ്പിക്കാൻ സർക്കാർ നീങ്ങുന്നത്.

