Sunday, January 11, 2026
HomeNewsആധാറിൻ്റെ ഔദ്യോഗിക ചിഹ്നം രൂപകല്പന ചെയ്ത് മലയാളീ

ആധാറിൻ്റെ ഔദ്യോഗിക ചിഹ്നം രൂപകല്പന ചെയ്ത് മലയാളീ

തിരുവനന്തപുരം: ആധാറിൻ്റെ ഔദ്യോഗിക ചിഹ്നം രൂപകല്പന ചെയ്യുന്നതിനായി സംഘടിപ്പിച്ച ദേശീയ തല മത്സരത്തിൽ കേരളത്തിലെ തൃശ്ശൂരിൽ നിന്നുള്ള അരുൺ ഗോകുൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. തിരുവനന്തപുരത്ത് നടന്ന യുഐഡിഎഐ ചടങ്ങിൽ ചെയർമാൻ നീലകണ്ഠ് മിശ്ര ഔദ്യോഗിക ചിഹ്നം അനാവരണം ചെയ്യുകയും വിജയികളെ അഭിനന്ദിക്കുകയും ചെയ്തു. നൂറു കോടിയിലധികം വരുന്ന ഇന്ത്യയിലെ ജനങ്ങൾക്ക് ആധാർ സേവനങ്ങളെക്കുറിച്ചുള്ള ആശയവിനിമയം കൂടുതൽ ലളിതവും എല്ലാവരെയും ഉൾക്കൊള്ളുന്നതും എളുപ്പത്തിൽ മനസ്സിലാക്കാവുന്നതുമാക്കാനുള്ള യുഐഡിഎഐയുടെ തുടർച്ചയായ ശ്രമങ്ങളുടെ മറ്റൊരു സുപ്രധാന ചുവടുവെയ്പ്പാണ് ഈ ചിഹ്നത്തിന്റെ പ്രകാശനമെന്ന് അദ്ദേഹം പറഞ്ഞു.

ഒരു തുറന്ന ദേശീയ മത്സരത്തിലൂടെ ഈ ഔദ്യോഗിക ചിഹ്നം രൂപകൽപ്പന ചെയ്യുന്നതിനും പേരിടുന്നതിനും പൗരന്മാരെ ക്ഷണിച്ചതിലൂടെ, ആധാറിൻ്റെ ഒരു പ്രധാന തത്വം യുഐഡിഎഐ വീണ്ടും ഊട്ടിയുറപ്പിച്ചുവെന്ന് സിഇഒ ഭുവ്‌നേഷ് കുമാർ പറഞ്ഞു. പങ്കാളിത്തം വിശ്വാസവും സ്വീകാര്യതയും വർദ്ധിപ്പിക്കുന്നുവെന്ന് അദ്ദേഹം അടിവരയിട്ടു. ആധാർ ഒരു പൊതു സേവനമെന്ന നിലയിൽ ജനങ്ങളുമായി എത്രത്തോളം ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു എന്നതിൻ്റെ തെളിവാണ് ഈ മത്സരത്തിന് ലഭിച്ച വൻ പ്രതികരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ ഔദ്യോഗിക ചിഹ്നം ഒരു സഹായിയായും ആഖ്യാതാവായും അതിൻ്റെ യാത്ര ആരംഭിക്കുന്നതോടെ, ആധാറുമായി ബന്ധപ്പെട്ട വിവരങ്ങൾ വളരെ എളുപ്പത്തിൽ മനസ്സിലാക്കാൻ ഇത് പൗരന്മാരെ സഹായിക്കുമെന്ന് യു.ഐ.ഡി.എ.ഐ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ വിവേക് സി. വർമ്മ പറഞ്ഞു

ആധാറിൻ്റെ ഔദ്യോഗിക ചിഹ്നം ആധാർ സേവനങ്ങളെക്കുറിച്ചുള്ള പൊതുജനങ്ങളുടെ ധാരണ ലളിതമാക്കുന്നതിനായി യുണീക്ക് ഐഡൻ്റി ഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യു.ഐ.ഡി.എ.ഐ) ഇന്ന് ആധാറിൻ്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി. ആധാറുമായി ബന്ധപ്പെട്ട വിവരങ്ങൾ കൂടുതൽ ആപേക്ഷികവും ജനസൗഹൃദപരവുമാക്കുന്നതിന് ഉദയ് എന്ന പേര് നൽകിയിരിക്കുന്ന ആധാറിൻ്റെ ഔദ്യോഗിക ചിഹ്നം സഹായകമാകും. ആധാർ വിവരങ്ങൾ പുതുക്കൽ, പ്രാമാണീകരണം, ഓഫ്‌ലൈൻ വെരിഫിക്കേഷൻ, തിരഞ്ഞെടുത്ത വിവരങ്ങൾ പങ്കിടൽ, പുതിയ സാങ്കേതികവിദ്യ സ്വീകരിക്കൽ, ഉത്തരവാദിത്തമുള്ള ഉപയോഗം തുടങ്ങി ആധാറിൻ്റെ വിവിധ സേവനങ്ങളെക്കുറിച്ചുള്ള ആശയവിനിമയം ഇത് ലളിതമാക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments