തിരുവനന്തപുരം: സംസ്ഥാനത്തെ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലേക്കുള്ള അധ്യക്ഷന്മാരെ ഇന്ന് തെരഞ്ഞെടുക്കും. പ്രസിഡന്റ് തെരഞ്ഞെടുപ്പ് രാവിലെ 10.30നും വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് 2.30നുമാണ് നടക്കുക. 941 പഞ്ചായത്തുകൾ, 152 ബ്ലോക്കു പഞ്ചായത്തുകൾ,14 ജില്ലാ പഞ്ചായത്തുകൾ എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ്. പലയിടത്തും വിമതന്മാർ നിർണായകമാകും. തദ്ദേശ സ്ഥാപനങ്ങളിക്കുള്ള സ്ഥിരം സമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പ് ജനുവരി അഞ്ച് മുതൽ ഏഴു വരെ നടക്കും.
അതേസമയം അധ്യക്ഷ തെരഞ്ഞെടുപ്പുകൾ കൂടി പിന്നിട്ടതോടെ സംസ്ഥാനത്തെ ഭൂരിഭാഗം നഗരഭരണവും കൈപ്പിടിയിലായ ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ്. ഡിസംബർ 13ലെ ജനവിധി തന്നെ ഭരണമാറ്റത്തിന്റെ കൃത്യമായ അടയാളപ്പെടുത്തലാണെങ്കിലും അതിന്റെ സാങ്കേതികവും നിയമപരവുമായ സാക്ഷ്യപ്പെടുത്തലാണ് അധ്യക്ഷ തെരഞ്ഞെടുപ്പോടെ യാഥാർഥ്യമായത്. നഗരങ്ങൾ ചുവപ്പിൽനിന്ന് ത്രിവർണത്തിലേക്ക് വഴിമാറിയത് കൃത്യമായ രാഷ്ട്രീയ സൂചനയായി കണ്ട് നിയമസഭ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പിലേക്ക് യു.ഡി.എഫ് ക്യാമ്പ് കടക്കുകയും ചെയ്തു.

