ന്യൂഡൽഹി : കേരളത്തിൽ നിന്നുള്ള പുതിയ വിമാനക്കമ്പനിയായ ‘അൽഹിന്ദ് എയറിന്’ ചിറകുമുളയ്ക്കുന്നു. കമ്പനിയുടെ പ്രവർത്തനത്തിന് കേന്ദ്ര വ്യോമയാനമന്ത്രാലയം എതിർപ്പില്ലാ രേഖ (എൻഒസി) നൽകി. അൽഹിന്ദിനു പുറമേ ‘ഫ്ലൈഎക്സ്പ്രസ്’ എന്ന പുതിയ കമ്പനിക്കും ഈ ആഴ്ച എൻഒസി നൽകിയതായി കേന്ദ്ര വ്യോമയാനമന്ത്രി കെ.റാം മോഹൻ നായിഡു അറിയിച്ചു.
മുൻപ് എൻഒസി ലഭിച്ച ഉത്തർപ്രദേശ് കേന്ദ്രമായ ‘ശംഖ് എയർ’ അടുത്ത വർഷം പ്രവർത്തനം ആരംഭിച്ചേക്കും. അൽഹിന്ദിന്റെ പ്രതിനിധികളുമായി വ്യോമയാനമന്ത്രി കൂടിക്കാഴ്ച നടത്തി. ട്രാവൽ, ടൂറിസം രംഗത്തെ പ്രമുഖരായ അൽഹിന്ദ് ഗ്രൂപ്പിന്റേതാണ് വിമാനക്കമ്പനി.
കൊച്ചി ഹബ് ആയി ആദ്യഘട്ടത്തിൽ എടിആർ വിമാനങ്ങളുപയോഗിച്ച് ആഭ്യന്തര സർവീസുകൾ ആരംഭിക്കാനാണ് അൽഹിന്ദ് എയറിന്റെ പദ്ധതി. 3 എടിആർ വിമാനങ്ങൾ ആണ് ആദ്യഘട്ടത്തിൽ ഉപയോഗിക്കുക. കൂടുതൽ വിമാനങ്ങളെത്തുന്നതോടെ വിദേശ സർവീസുകൾ ആരംഭിക്കാനും ഗ്രൂപ്പിന് പദ്ധതിയുണ്ട്.
കൂടുതൽ വിമാനക്കമ്പനികൾ രാജ്യത്തുണ്ടാകുന്നത് നല്ലതാണെന്ന് ഇൻഡിഗോ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ വ്യോമയാനമന്ത്രി പറഞ്ഞിരുന്നു. നിലവിൽ ചെറുതും വലുതുമായ 9 ആഭ്യന്തരവിമാനക്കമ്പനികളാണ് രാജ്യത്തുള്ളത്. വിപണിയുടെ 90 ശതമാനവും ഇൻഡിഗോയുടെയും എയർ ഇന്ത്യ ഗ്രൂപ്പിന്റെ കൈവശമാണ്.

