ജറൂസലേം: അധിനിവേശ വെസ്റ്റ് ബാങ്കിലെ ഫലസ്തീൻ കുടുംബങ്ങളിലേക്കുള്ള സന്ദർശനങ്ങൾ ഇസ്രായേൽ സൈന്യം തടഞ്ഞതായും ചെക്ക്‌പോസ്റ്റുകളിലുള്ള സൈനികർ തന്നെ ഭീഷണിപ്പെടുത്തിയതായും ഇംഗ്ലണ്ടിലെ യോർക്ക് ആർച്ച് ബിഷപ്പ് സ്റ്റീഫൻ കോട്രെൽ. ഇസ്രായേലി സുരക്ഷാ മന്ത്രിസഭ ഈ ആഴ്ച വെസ്റ്റ് ബാങ്കിൽ 19 ഔട്ട്‌പോസ്റ്റുകൾക്കു കൂടി അംഗീകാരം നൽകിയതോടെ റെക്കോർഡ് കുടിയേറ്റ അതിക്രമവും കുടിയേറ്റ വ്യാപനവും നടക്കുന്നതായും മുതിർന്ന പുരോഹിതൻ പറഞ്ഞു.
ഭവനരഹിതർ, അഭയാർഥികൾ, പാർശ്വവൽക്കരിക്കപ്പെട്ട മനുഷ്യർ എന്നിവരെക്കുറിച്ചും സമൂഹത്തിലെ മതിലുകളെയും തടസ്സങ്ങളെയും കുറിച്ചും ചിന്തിക്കാൻ തന്റെ ക്രിസ്മസ് പ്രസംഗത്തിനിടെ ആർച്ച് ബിഷപ്പ് ആഹ്വാനം ചെയ്തു. ഈ വർഷം വെസ്റ്റ് ബാങ്കിലേക്കുള്ള സന്ദർശന വേളയിൽ വിവിധ ചെക്ക്‌പോസ്റ്റുകളിൽ തങ്ങളെ തടഞ്ഞുനിർത്തി ഇസ്രായേൽ സൈന്യം ഭീഷണിപ്പെടുത്തിയെന്നും ഇത് സമൂഹങ്ങളെ വേർതിരിക്കുന്ന തടസ്സങ്ങളെയും വിശുദ്ധ ഭൂമിയിലെ ചലന നിയന്ത്രണണത്തെയും പ്രതിഫലിപ്പിക്കുന്നുവെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു.
ഈ വർഷം ഫലസ്തീനികൾക്കെതിരായ കുടിയേറ്റക്കാരുടെ അക്രമവും സെറ്റിൽമെന്റുകളുടെ വ്യാപനവും ഈ പ്രദേശത്ത് റെക്കോർഡ് തോതിൽ ഉയർന്നു. ഈ ആഴ്ച ആദ്യം, ഇസ്രായേലിന്റെ സുരക്ഷാ മന്ത്രിസഭ വെസ്റ്റ് ബാങ്കിൽ 19 സെറ്റിൽമെന്റുകൾ കൂടി അംഗീകരിച്ചു. ഇതോടെ കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ അനുവദിച്ച അനുമതികളുടെ എണ്ണം 69 ആയി.യോർക്ക് മിനിസ്റ്ററിലെ ക്രിസ്മസ് ദിന പ്രസംഗത്തിനിടെ അദ്ദേഹം വിശുദ്ധ ഭൂമിയെ വിഭജിക്കുകയും വേർതിരിക്കുകയും ചെയ്യുന്ന മതിലുകളെക്കുറിച്ചും ലോകമെമ്പാടും നാം സ്ഥാപിക്കുന്ന മതിലുകളെയും തടസ്സങ്ങളെയും കുറിച്ചും സംസാരിച്ചു.

