ജനീവ: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ അമേരിക്കൻ സൈന്യം പിടികൂടിയ സംഭവത്തിൽ തീവ്രമായ ആശങ്ക അറിയിച്ച് ഐക്യരാഷ്ട്രസഭ. വെനസ്വേലയുടെ ഭാവി എന്താകുമെന്ന കാര്യത്തിൽ വലിയ അനിശ്ചിതത്വം നിലനിൽക്കുന്നതായി യുഎൻ വ്യക്തമാക്കി. ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ, അമേരിക്കയുടെ ഈ നീക്കം രാജ്യാന്തര നിയമങ്ങളുടെ അടിസ്ഥാന തത്വങ്ങളെ തുരങ്കം വെക്കുന്നതാണെന്ന് യുഎൻ മനുഷ്യാവകാശ ഹൈക്കമ്മീഷണർ കുറ്റപ്പെടുത്തി. ഒരു രാജ്യത്തിന്റെ രാഷ്ട്രീയ സ്വാതന്ത്ര്യത്തിനോ പ്രാദേശിക അഖണ്ഡതയ്ക്കോ എതിരെ ബലപ്രയോഗം നടത്തരുത് എന്ന അന്താരാഷ്ട്ര തത്വത്തിന്റെ ലംഘനമാണ് ഈ ഓപ്പറേഷൻ എന്ന് യുഎൻ ചൂണ്ടിക്കാട്ടി.
മഡുറോ സർക്കാരിന്റെ മനുഷ്യാവകാശ ലംഘനങ്ങൾ വളരെ മോശമാണെന്ന് യുഎൻ സമ്മതിക്കുന്നുണ്ടെങ്കിലും, വിദേശ രാജ്യങ്ങളുടെ സൈനിക ഇടപെടൽ സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുമെന്നാണ് വിലയിരുത്തൽ.യുഎസ് ഇടപെടൽ വെനസ്വേലയിൽ കൂടുതൽ അസ്ഥിരതയ്ക്കും രാജ്യത്തെ കൂടുതൽ സൈനികവൽക്കരിക്കുന്നതിനും കാരണമാകുമെന്ന് യുഎൻ ഭയപ്പെടുന്നു.
വെനസ്വേലയുടെ ഭാവി തീരുമാനിക്കേണ്ടത് അവിടുത്തെ ജനങ്ങൾ മാത്രമായിരിക്കണം. സ്വയം നിർണ്ണയാധികാരത്തിനും പരമാധികാരത്തിനും പൂർണ്ണമായ ബഹുമാനം നൽകണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു. അമേരിക്കയുടെ ഈ അപ്രതീക്ഷിത നീക്കം ലോകമെമ്പാടും വലിയ നയതന്ത്ര ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ്. ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളുടെ ഇടയിലും ഈ വിഷയത്തിൽ വ്യത്യസ്തമായ പ്രതികരണങ്ങളാണ് ഉയർന്നുവരുന്നത്.

