വാഷിംഗ്ടൺ : രാഷ്ട്രീയ എതിരാളികളെ രൂക്ഷമായി വിമർശിക്കുകയും പരിഹസിക്കുകയും ചെയ്ത് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തീവ്ര ഇടതുപക്ഷ മാലിന്യം എന്നാണ് ട്രംപ് വിമർശനം ഉന്നയിച്ചത്. തന്റെ ക്രിസ്മസ് സന്ദേശത്തിലായിരുന്നു ട്രൂത്ത് സോഷ്യലിലൂടെ പങ്കുവെച്ച സന്ദേശത്തിലെ വിമർശനങ്ങൾ.ഡെമോക്രാറ്റുകളെയും മറ്റ് രാഷ്ട്രീയ എതിരാളികളെയും “റാഡിക്കൽ ലെഫ്റ്റ് സ്കം” (തീവ്ര ഇടത് മാലിന്യം) എന്ന് ട്രംപ് വിശേഷിപ്പിച്ചു. ഇവർ രാജ്യം നശിപ്പിക്കാൻ ശ്രമിക്കുകയാണെന്നും എന്നാൽ അതിൽ പരാജയപ്പെടുകയാണെന്നും അദ്ദേഹം പരിഹസിച്ചു.
തന്റെ ഭരണത്തിന് കീഴിൽ അതിർത്തികൾ സുരക്ഷിതമായെന്നും, കുറ്റകൃത്യങ്ങൾ കുറഞ്ഞെന്നും, സാമ്പത്തിക വളർച്ച ഉണ്ടായെന്നും അദ്ദേഹം അവകാശപ്പെട്ടു. ക്രിസ്മസ് തലേന്ന് കുട്ടികളുമായി സംസാരിക്കവെ, രാജ്യത്തേക്ക് ഒരു “ബാഡ് സാന്റാ” (Bad Santa) നുഴഞ്ഞുകയറാൻ അനുവദിക്കില്ലെന്ന് അദ്ദേഹം തമാശരൂപേണ പറഞ്ഞു. ഇത് തന്റെ കുടിയേറ്റ നയങ്ങളുമായി ബന്ധപ്പെട്ട ഒരു സൂചനയായി വിലയിരുത്തപ്പെടുന്നു.
2024-ലെ ക്രിസ്മസ് സന്ദേശത്തിലും എതിരാളികളെ “റാഡിക്കൽ ലെഫ്റ്റ് ലുണാറ്റിക്സ്” (Radical Left Lunatics) എന്ന് വിളിച്ച് ട്രംപ് പരിഹസിച്ചിരുന്നു. അതിതീവ്ര ഇടതുപക്ഷ ചിന്താഗതിയുള്ളവർ അല്ലെങ്കിൽ ‘ഭ്രാന്തമായ’ ആശയങ്ങൾ വെച്ചുപുലർത്തുന്നവർ എന്നാണ് ഇതിലൂടെ അർത്ഥമാക്കിയത്.
സമാധാനത്തിന്റെയും ഐക്യത്തിന്റെയും സന്ദേശം നൽകുന്നതിന് പകരം ക്രിസ്മസ് ദിനത്തിലും രാഷ്ട്രീയ പോര് തുടരുന്ന ട്രംപിന്റെ ശൈലി വലിയ വാർത്താപ്രാധാന്യം നേടിയിട്ടുണ്ട്

