ഇന്ത്യയെ വീണ്ടും പ്രകോപിപ്പിച്ച് ലളിത് മോദിയുടെയും വിജയ് മല്യയുടെയും പുത്തൻ വിഡിയോ. ‘‘ഞങ്ങളാണ് ഇന്ത്യയുടെ ഏറ്റവും വലിയ രണ്ട് പിടികിട്ടാപ്പുള്ളികൾ’’ എന്ന് വിഡിയോയിൽ ലളിത് മോദി പറയുന്നുണ്ട്. വിജയ് മല്യയുടെ പിറന്നാൾ ആഘോഷത്തിനിടെ പകർത്തിയതാണ് വിഡിയോ. വിജയ് മല്യയും വിഡിയോയിലുണ്ടെങ്കിലും അദ്ദേഹം ഒപ്പം ചിരിച്ചതല്ലാതെ ഒന്നും മിണ്ടിയില്ല.
പിന്നീട്, ഇതേ വിഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ലളിത് മോദി അതിൽ ക്യാപ്ഷനായി എഴുതിയത് ഇങ്ങനെ: ‘‘ഇന്ത്യയിലെ ഇന്റർനെറ്റിനെ ചൂടുപിടിപ്പിക്കാൻ ഞാനൊന്ന് ചെയ്യട്ടെ. ഇതു പിടിച്ചോ. നിങ്ങളുടെ ഹൃദയം ദുഃഖഭാരത്താൽ നിറയട്ടെ ഫ്രണ്ട്സ്’’. എക്സിലെയും ഇൻസ്റ്റഗ്രാമിലെയും വിഡിയോ ലളിത് മോദി പറഞ്ഞതുപോലെ തന്നെ ഇന്ത്യയിൽ സാമൂഹിക മാധ്യമങ്ങളിൽ ചൂടൻ ചർച്ചയായി.
വായ്പാത്തട്ടിപ്പും പണംതിരിമറിയും നടത്തി വിദേശത്തേക്ക് മുങ്ങിയ രണ്ട് വമ്പൻ പിടികിട്ടാപ്പുള്ളികൾ അവിടെ ആഡംബരം ജീവിതം ആസ്വദിക്കുകയാണെന്നും വിഡിയോയിൽ പരസ്യമായി പ്രത്യക്ഷപ്പെട്ട് ഇന്ത്യയെ പരിഹസിക്കുകയാണെന്നും ചിലർ വിമർശിച്ചു. ഇത് കേന്ദ്രസർക്കാരിന്റെയും സിബിഐ, ഇ.ഡി എന്നീ അന്വേഷണ ഏജൻസികളുടെയും കഴിവുകേടിനുള്ള പരിഹാസമാണെന്ന് ചിലർ അഭിപ്രായപ്പെട്ടു.
മല്യ എന്നാണ് ഇന്ത്യയിലേക്ക് മടങ്ങി എത്തുന്നതെന്ന് ബോംബെ ഹൈക്കോടതി ചോദിച്ച അതേ ദിവസം തന്നെയാണ് വിഡിയോ പ്രത്യക്ഷപ്പെട്ടതെന്ന കൗതുകവുമുണ്ട്.തനിക്കെതിരെ സാമ്പത്തിക പിടികിട്ടാപ്പുള്ളി പട്ടം ചാർത്തിയതിനെതിരെ മല്യ സമർപ്പിച്ച അപ്പീൽ പരിഗണിക്കവേയായിരുന്നു കോടതിയുടെ ചോദ്യം. മല്യ നേരിട്ടു ഹാജരാകാതെ അപ്പീലിൽ വാദം കേൾക്കില്ലെന്നും കോടതി പറഞ്ഞു.
വിജയ് മല്യയുടെ 14,000 കോടി രൂപ മതിക്കുന്ന ആസ്തികൾ അന്വേഷണ ഏജൻസികൾ കണ്ടുകെട്ടിയെന്നും ബാങ്കുകൾക്ക് 6,000 കോടിയോളം വരുന്ന വായ്പാത്തുക ഇതുവഴി തിരികെക്കിട്ടിയെന്നും മല്യയുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. എന്നാൽ, അതുകൊണ്ട് നിയമനടപടിയിൽ നിന്ന് ഒഴിവാകാനാവില്ലെന്ന് പ്രോസിക്യൂഷൻ വാദിച്ചു. കേസ് പരിഗണിക്കുന്നത് കോടതി ഫെബ്രുവരി 12ലേക്ക് മാറ്റി.
എസ്ബിഐ നയിക്കുന്ന കൺസോർഷ്യത്തിൽ നിന്ന് വമ്പൻ തുക വായ്പ എടുത്ത് തിരിമറി നടത്തിയശേഷം, തിരിച്ചടയ്ക്കാതെ ഇന്ത്യയിൽ നിന്ന് 2016ലാണ് മല്യ ലണ്ടനിലേക്ക് മുങ്ങിയത്. അദ്ദേഹത്തെ തിരിച്ചെത്തിക്കാനുള്ള ശ്രമത്തിലാണ് ഇ.ഡിയും സിബിഐയും. 2019 ജനുവരിയിലായിരുന്നു മല്യയെ ‘സാമ്പത്തിക പിടികിട്ടാപ്പുള്ളി’യായി പ്രഖ്യാപിച്ചത്. ഇന്ത്യൻ പ്രീമിയർ ലീഗുമായി (ഐപിഎൽ) ബന്ധപ്പെട്ട് 125 കോടിയുടെ പണംതിരിമറി, നികുതിവെട്ടിപ്പ് ആരോപണങ്ങൾ ഉയർന്നതിന് പിന്നാലെയാണ് ലളിത് മോദി 2010ൽ വിദേശത്തേക്ക് മുങ്ങിയത്. ഐപിഎൽ ചെയർമാനായിരുന്നു മോദി.

