ലാസ് വേഗസ് : ഇന്ത്യൻ ട്രാവൽ ഇൻഫ്ലുവൻസറും ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുകയും ചെയ്തിരുന്ന അനുനയ് സൂദിന്റെ മരണകാരണം വെളിപ്പെടുത്തി മെഡിക്കൽ റിപ്പോർട്ടുകൾ. അമിത അളവിൽ ലഹരിമരുന്നും (ഫെന്റനൈൽ) മദ്യവും ഉള്ളിൽ ചെന്നതാണ് മരണകാരണമെന്ന് ലാസ് വേഗസിലെ ക്ലർക്ക് കൗണ്ടി അധികൃതർ അറിയിച്ചു. മരണം അബദ്ധവശാൽ സംഭവിച്ചതാണെന്നാണ് ഔദ്യോഗിക നിഗമനം.
നവംബർ നാലിനാണ് ലാസ് വേഗസ് സ്ട്രിപ്പിലെ വിൻ (Wynn) ഹോട്ടൽ മുറിയിൽ അനുനയിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രമുഖ വാഹന നിർമാതാക്കളായ ഹോരാസിയോ പഗാനി, ക്രിസ്റ്റ്യൻ വോൺ കൊയിനിഗ്സെഗ് തുടങ്ങിയവർ പങ്കെടുത്ത ‘സ്ട്രിപ്പ് ഷട്ട്ഡൗൺ’ പരിപാടിയിൽ പങ്കെടുക്കാനാണ് അനുനയ് ലാസ് വേഗസിലെത്തിയത്. മുറിയിൽ മൃതദേഹത്തോടൊപ്പം ലഹരിമരുന്നിന്റെ സാന്നിധ്യവും കണ്ടെത്തിയതായി പൊലീസ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

