തിരുവനന്തപുരം: ലോക്‌സഭാ, തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയതുപോലെ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കത്തിനായി പാർട്ടി കോൺക്ലേവ് നടത്താൻ കോൺഗ്രസ്. ജനുവരിയിൽ നടക്കുന്ന കോൺക്ലേവ് ഇപ്രാവശ്യവും വയനാട്ടിലായിരിക്കും. കെപിസിസി കോർ കമ്മിറ്റി യോഗത്തിലാണ് തീരുമാനം.
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള രാഷ്ട്രീയനയവും തന്ത്രവും ഇതിൽ തയ്യാറാക്കും. ശബരിമല സ്വർണക്കൊള്ളയും തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്നതും സജീവമായിത്തന്നെ നിലനിർത്തും. ലോക്‌ഭവനുമുൻപിൽ തൊഴിലുറപ്പ് തൊഴിലാളികളെക്കൂടി പങ്കെടുപ്പിച്ച് രാപകൽ സമരം നടത്തും.
തദ്ദേശ തിരഞ്ഞെടുപ്പിൽ എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ യുഡിഎഫിന് ലഭിച്ചുവെന്ന് യോഗം വിലയിരുത്തി. എ.കെ. ആന്റണി മുഴുവൻ സമയവും യോഗത്തിൽ പങ്കെടുത്തു. എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ്‌മുൻഷി യടക്കമുള്ള മുതിർന്ന നേതാക്കളും യോഗത്തിനെത്തി.

