കീവ് : റഷ്യയുടെ ചാരക്കപ്പൽ പടയ്ക്ക് നേരെ ഡ്രോൺ ആക്രമണം നടത്തിയതായി യുക്രൈൻ. യുക്രൈൻ അതിർത്തിയിൽ നിന്ന് 2000 കിലോ മീറ്റർ അകെല വച്ചാണ് ആക്രമണം നടന്നത്. മെഡിറ്ററേനിയൻ കടലിൽ ഇത്തരത്തിലുള്ള ആദ്യത്തെ ആക്രമണം ആയാണ് ടാങ്കർ കപ്പൽ വ്യൂഹത്തിനെതിരായ ആക്രമണത്തെ യുക്രൈൻ നിരീക്ഷിക്കുന്നത്. നാല് വർഷം മുൻപ് റഷ്യ യുക്രൈൻ അധിനിവേശം പൂർണ തോതിൽ ആരംഭിച്ചതിന് പിന്നാലെ മെഡിറ്ററേനിയൻ കടലിൽ നടന്ന ആദ്യ ആക്രമണം ആയാണ് വെള്ളിയാഴ്ചത്തെ ആക്രമണത്തെ വിലയിരുത്തുന്നത്. ലിബിയയുടെ തീരത്തിന് സമീപത്ത് വച്ചായിരുന്നു ഡ്രോൺ ആക്രമണം. ആക്രമണം ഗുരുതരമായ നാശനഷ്ടങ്ങൾ വരുത്തിയതായാണ് അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഉപരോധങ്ങളെ മറികടക്കാൻ ഈ കപ്പൽ വ്യൂഹത്തെ വ്യാപകമായി ഉപയോഗിക്കുന്നതായി ആരോപണം ശക്തമാവുന്നതിനിടയിലാണ് യുക്രൈന്റെ ഡ്രോൺ ആക്രമണം.
റഷ്യൻ അധിനിവേശം തടയാനുള്ള ശ്രമത്തിന്റെ ഭാഗമായി നേരത്തെ കരിങ്കടലിൽ റഷ്യൻ ചാരക്കപ്പൽ വ്യൂഹത്തിന് നേരെ ഡ്രോൺ ആക്രമണം നടന്നിരുന്നു. റഷ്യയുടെ ഓയിൽ ടാങ്കർ കപ്പലുകളായ വിരാട്, കൊറോസ് എന്നീ കപ്പലുകളാണ് ആക്രമിക്കപ്പെട്ടത്. തുർക്കിക്ക് സമീപത്തെ ബോസ്ഫറസ് കടലിടുക്കിൽ വച്ചാണ് റഷ്യൻ ടാങ്കർ കപ്പൽ ഡ്രോൺ ആക്രമണത്തിന് ഇരയായത്. തുർക്കിയുടെ തീരത്തിന് 28 മൈൽ അകലെയാണ് ഓയിൽ ടാങ്കർ ഡ്രോൺ ആക്രമണത്തിൽ തകർന്നത്.

