ഇല്ലിനോയി : സ്കിസോഫ്രീനിയ ബാധിച്ച ഇന്ത്യൻ വംശജനായ യുവാവ് യുഎസിൽ പിതാവിനെ ചുറ്റികയ്ക്ക് അടിച്ചു കൊന്നു. യുഎസിലെ ഇല്ലിനോയ് സംസ്ഥാനത്തെ ഷാംബർഗിലുള്ള വീട്ടിൽ വെച്ചാണ് 67 വയസ്സുള്ള അനുപം പട്ടേലിനെ 28 വയസ്സുള്ള മകൻ ആക്രമിച്ച് കൊലപ്പെടുത്തിയത്. താങ്ക്സ്ഗിവിംഗ് വാരാന്ത്യത്തിലായിരുന്നു സംഭവം. അനുപമിനെതിരെ യുഎസ് അധികൃതർ ഫസ്റ്റ് ഡിഗ്രി കൊലപാതക കുറ്റം ചുമത്തി. യുവാവ് സ്കിസോഫ്രീനിയ ബാധിതനായിരുന്നുവെന്നും പ്രത്യേക സംരക്ഷണം നൽകേണ്ട വ്യക്തിയാണ് എന്ന് മെഡിക്കൽ രേഖകളുണ്ടായിരുന്നുവെന്നും എന്നാൽ സംഭവ സമയത്ത് ഇയാളും വയോധികനായ പിതാവും മാത്രമായിരുന്നു വീട്ടിലെന്നും റിപ്പോർട്ടുണ്ട്.
കുക്ക് കൗണ്ടി പ്രോസിക്യൂട്ടർമാർ പറയുന്നതനുസരിച്ച്, കൊലപാതകം നടന്ന നവംബർ 29 ന് , ഭർത്താവിനെയും മകനെയും വീട്ടിൽ തനിച്ചാക്കി അനുപം പട്ടേലിന്റെ ഭാര്യ പുലർച്ചെ 5:42 ഓടെ ജോലിക്ക് പോയിരുന്നു. തിരികെ വന്നപ്പോഴായിരുന്നു രക്തത്തിൽ കുളിച്ചുകിടക്കുന്ന ഭർത്താവിനെ കണ്ടത്.
അനുപം പട്ടേൽ പ്രമേഹബാധിതനായിരുന്നു. അദ്ദേഹത്തിന്റെ ഗ്ലൂക്കോസ് മോണിറ്റർ ഭാര്യയുടെ ഫോണുമായി ബന്ധിപ്പിച്ചിരുന്നു. സാധാരണയായി അനുപം പട്ടേൽ രാവിലെ 8 മണിയോടെ ഭാര്യയെ വിളിച്ച് രക്തത്തിലെ പഞ്ചസാരയുടെ അളവ് അറിയിക്കാറുണ്ടായിരുന്നു, എന്നാൽ സംഭവ ദിവസം അദ്ദേഹം ഭർത്താവിൻ്റെ ഫോൺകോൾ എത്തിയില്ലെന്നും ഭർത്താവിന്റെ ഗ്ലൂക്കോസ് അളവ് കുറയുന്നത് ഫോണിലൂടെ അറിഞ്ഞ ഭാര്യ വീട്ടിലേക്ക് വിളിച്ചെങ്കിലും ആരും ഫോണെടുത്തില്ല. തുടർന്ന് അവർ വിഷമിച്ച് രാവിലെ 10:30 ഓടെ വീട്ടിലേക്ക് മടങ്ങി. അവിടെ മകനെയാണ് ആദ്യം കണ്ടത്. മുറിയിലേക്കെത്തിയപ്പോഴാണ് ഭർത്താവ് രക്തത്തിൽ കുളിച്ചുകിടക്കുന്നത് കണ്ടത്. തുടർന്ന് പൊലീസിനെ വിളിക്കുകയായിരുന്നു. ഇദ്ദേഹത്തിന് സമീപത്തുനിന്നും ഒരു ചുറ്റിക കണ്ടെത്തി.
പോസ്റ്റ്‌മോർട്ടത്തിൽ അനുപം പട്ടേലിന്റെ തലയിൽ കുറഞ്ഞത് രണ്ട് അടിയെങ്കിലും ഏറ്റിട്ടുണ്ടെന്നും തലയോട്ടി പൊട്ടിയെന്നും മൂക്ക് ഒടിഞ്ഞിട്ടുണ്ടെന്നും കണ്ടെത്തി.പൊലീസിൽ കീഴടങ്ങിയ അഭിജിത് പട്ടേൽ ചോദ്യം ചെയ്യലിൽ, താൻ കുട്ടിയായിരിക്കുമ്പോൾ തന്നെ പിതാവ് ഉപദ്രവിച്ചുവെന്നും അതിനാൽ, പിതാവിനെ കൊല്ലാൻ തനിക്ക് “മതപരമായ ബാധ്യത” ഉണ്ടെന്ന് അയാൾ പൊലീസിനോട് പറയുകയും ചെയ്തു. പട്ടേലിന് സ്കീസോഫ്രീനിയ ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും ചികിത്സയ്ക്കായി മുമ്പ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നുവെന്നും രേഖകൾ കാണിക്കുന്നു. താൻ നിലവിൽ ചികിത്സയിലാണെന്നും അയാൾ സമ്മതിച്ചു. അതേസമയം,പട്ടേലിന് സ്കീസോഫ്രീനിയ ഉണ്ടായിരുന്നതിനാൽ, പിതാവിനെതിരായ അദ്ദേഹത്തിന്റെ വാദങ്ങൾ ‘ഭ്രമാത്മകമാണ്’ എന്ന് ഡോക്ടർമാർ സംശയിക്കുന്നു. അഭിജിത് പട്ടേലിനെ അറസ്റ്റുചെയ്യുകയും ജാമ്യമില്ലാതെ തടങ്കലിൽ വച്ചിരിക്കുകയുമാണ്.
സ്കിസോഫ്രീനിയ സൈക്കോസിസ് വിഭാഗത്തിൽ പെടുന്ന ഒരസുഖമാണ് സ്കിസോഫ്രീനിയ. ഡില്യൂഷൻസ്, ഹാലൂസിനേഷൻസ് എന്നെല്ലാം പറയുന്ന അവസ്ഥകൾ ആ വ്യക്തിക്കുണ്ടാവും. ഇല്ലാത്ത, അല്ലെങ്കിൽ മറ്റുള്ളവർക്ക് വിശ്വസിക്കാൻ പ്രയാസമായ ചിന്തകൾ മനസ്സിലേക്ക് കടന്നുവരും, മറ്റുള്ളവർ കേൾക്കാത്ത കാര്യങ്ങൾ കേട്ടു എന്നും അനുഭവിക്കാത്ത കാര്യങ്ങൾ അനുഭവിച്ചു എന്നും പറയാം. വാസ്തവത്തിൽ നിന്ന് വിട്ടുനിന്നുള്ള രോഗാവസ്ഥയാണിത്.

