കൊച്ചി : റഫേൽ യുദ്ധവിമാനങ്ങളുടെ ഇന്ത്യയിലെ നിർമാണപ്രവർത്തനങ്ങളിൽ പങ്കാളിയാവാൻ നെസ്റ്റ് ഗ്രൂപ്പിൽപെട്ട എസ്എഫ്ഒ ടെക്നോളജീസ് ഒരുങ്ങുന്നു. വിമാനത്തിനുള്ള ആർബിഇ 2 എഇഎസ്എ റഡാറിന്റെ സങ്കീർണമായ വയേഡ് ഘടകങ്ങളുടെ നിർമാണത്തിലാണു ഫ്രഞ്ച് കമ്പനിയായ തെയിൽസുമായി എസ്എഫ്ഒ ടെക്നോളജീസ് സഹകരിക്കുക.
നാവിക സേനയ്ക്കായി 26 റഫേൽ വിമാനങ്ങൾക്കുള്ള ഓർഡർ ലഭിച്ചതോടെ ‘മെയ്ക് ഇൻ ഇന്ത്യ’യുടെ ഭാഗമായി ആധുനിക റഡാർ സംവിധാനങ്ങൾ ഇന്ത്യയിൽ തന്നെ നിർമിക്കാനുള്ള പദ്ധതിയോടനുബന്ധിച്ചാണ് ദസോ ഏവിയേഷൻ റഫേൽ ടീം അംഗമായ തെയിൽസ്,എസ്എഫ്ഒ ടെക്നോളജീസിനെ പങ്കാളിയാക്കിയത്. കമ്പനിയിൽ തെയിൽസ് അർപ്പിച്ച വിശ്വാസത്തിൽ അഭിമാനമുണ്ടെന്ന് എസ്എഫ്ഒ ടെക്നോളജീസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ എൻ.ജഹാംഗീർ അഭിപ്രായപ്പെട്ടു.
റഫേൽ പോർവിമാനങ്ങളുടെ ഇന്ത്യയിലെ നിർമാണ പ്രക്രിയയിൽ സജീവ പങ്കാളിത്തം വഹിക്കാൻ കഴിയുന്നതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

