Thursday, December 18, 2025
HomeAmericaവൈറ്റ് ഹൗസിൽ പുതുതായി പണികഴിപ്പിക്കുന്ന ബോൾറൂം: നിർമ്മാണ ചെലവ് 400 മില്യൺ ഡോളർ എന്ന് ട്രംപ്

വൈറ്റ് ഹൗസിൽ പുതുതായി പണികഴിപ്പിക്കുന്ന ബോൾറൂം: നിർമ്മാണ ചെലവ് 400 മില്യൺ ഡോളർ എന്ന് ട്രംപ്

വൈറ്റ് ഹൗസിൽ പുതുതായി പണികഴിപ്പിക്കുന്ന ബോൾറൂമിൻ്റെ നിർമ്മാണത്തിന് 400 മില്യൺ ഡോളർ വരെ ചെലവ് വരാമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഭാവിയിൽ സ്ഥാനാരോഹണ ചടങ്ങുകൾ അടക്കം ഇവിടെ നടത്താൻ കഴിയുന്ന രീതിയിലായിരിക്കും ബോൾറൂം സജ്ജീകരിക്കുക എന്നും അദ്ദേഹം പറഞ്ഞു.150 വർഷമായി ഇവർക്ക് ഒരു ബോൾറൂം വേണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു. ക്ഷണിതാക്കളുടെ എണ്ണം പരിമിതമായിരുന്ന പരിപാടിയെ കുറിച്ച് പരാമർശിച്ചുകൊണ്ട് ഇത് ഏറ്റവും മനോഹരമായ ബോൾറൂമായിരിക്കുമെന്നും സ്ഥാനാരോഹണങ്ങൾ നടത്താൻ ഇവിടെ കഴിയുമെന്നും ട്രംപ് പറഞ്ഞു.

ചൊവ്വാഴ്ച വൈകിട്ട് നടന്ന ഹനുക്കാ റിസപ്ഷനിടയിലാണ് ട്രംപ് പുതിയ ചെലവ് കണക്കു വ്യക്തമാക്കിയത്.അതേസമയം, പദ്ധതി കണക്കാക്കിയതിലും കുറവ് ചെലവിൽ പൂർത്തിയാക്കാനാകുമെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു. സാധാരണയായി യുഎസ് ക്യാപിറ്റോളിൽ നടക്കുന്ന സ്ഥാനാരോഹണ ചടങ്ങുകൾക്ക് സുരക്ഷാ പ്രശ്നങ്ങളും കാലാവസ്ഥാ വെല്ലുവിളികളും ഉണ്ടാകാറുണ്ടെന്നും ട്രംപ് പറഞ്ഞു.സുരക്ഷയുടെ കാര്യത്തിൽ നമുക്ക് ഇതിലും മെച്ചപ്പെടുത്താം. നിർദ്ദിഷ്ട ബോൾറൂമിൽ 5 ഇഞ്ച് കനം വരുന്ന ഗ്ലാസ് ജാലകങ്ങളുണ്ടാകും. ഹൗവിറ്റ്സർ പോലുള്ള ആയുധങ്ങൾക്ക് ഒഴികെ മറ്റൊന്നിനും അതിനെ തകർക്കാൻ കഴിയില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു.

ബോൾറൂമിന്റെ ചെലവ് ആദ്യം 200 മില്യൺ ഡോളറായിരുന്നുവെങ്കിലും പിന്നീട് അത് ക്രമേണ ഉയരുകയായിരുന്നു. ആദ്യഘട്ടത്തിൽ നിലവിലുള്ള കെട്ടിടത്തെ ബാധിക്കില്ലെന്ന് ട്രംപ് പറഞ്ഞിരുന്നെങ്കിലും പിന്നീട് ഈസ്റ്റ് വിങ്ങ് മുഴുവൻ പൊളിക്കാനാണ് തീരുമാനം.ഓവൽ ഓഫീസ് സ്ഥിതി ചെയ്യുന്ന വെസ്റ്റ് വിങ്ങിനെയും പ്രധാന വസതിയെയും അപേക്ഷിച്ച് വളരെ വലുതായിരിക്കും പുതിയ പദ്ധതി. പദ്ധതിയുടെ വലുപ്പത്തെക്കുറിച്ച് ആർക്കിടെക്റ്റുകളുമായി ട്രംപ് തർക്കത്തിലേർപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. സ്വകാര്യ സംഭാവനകളിലൂടെയാണ് പദ്ധതിക്ക് ധനസഹായം ലഭിക്കുന്നതെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കിയിട്ടുണ്ട്.

എന്നാൽ ആരാണ് സംഭാവന നൽകുന്നതെന്ന് വെളിപ്പെടുത്തിയിട്ടില്ല. ട്രംപിന്റെ അനുകൂല നിലപാട് നേടാൻ വ്യക്തികളോ കമ്പനികളോ ധനസഹായം നൽകുന്നുണ്ടോ എന്ന സംശയങ്ങളും ഉയരുന്നുണ്ട്. അതേസമയം, നാഷണൽ ട്രസ്റ്റ് ഫോർ ഹിസ്റ്റോറിക് പ്രിസർവേഷൻ നൽകിയ ഹർജി പരിഗണിക്കുന്ന ഫെഡറൽ ജഡ്ജി, കേസിന്റെ നടപടികൾ തുടരുന്നതിനിടെ പദ്ധതിയുടെ പ്രവർത്തനം നിർത്തിവയ്ക്കാൻ ഉത്തരവിട്ടിട്ടില്ലെന്ന് CNN റിപ്പോർട്ട് ചെയ്തു. വിഷയത്തിൽ ശരിയായ തീരുമാനം എടുക്കാൻ ധൈര്യം കാണിച്ച ജഡ്ജിക്ക് നന്ദി എന്നാണ് ട്രംപ് പ്രതികരിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments