Thursday, December 18, 2025
HomeAmericaവിദേശ പൗരന്മാർക്ക് യുഎസിലേക്കുള്ള യാത്രാ നിരോധനം വിപുലീകരിച്ച് ട്രംപ്

വിദേശ പൗരന്മാർക്ക് യുഎസിലേക്കുള്ള യാത്രാ നിരോധനം വിപുലീകരിച്ച് ട്രംപ്

വാഷിംഗ്ടൺ: വിദേശ പൌരന്മാർക്ക് യുഎസിലേക്കുള്ള യാത്രാ നിരോധനം വിപുലീകരിച്ച് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. സിറിയ ഉള്‍പ്പെടെ ഏഴ് രാജ്യങ്ങളുടെ പൗരന്മാർക്കും പാലസ്തീനിയൻ അതോറിറ്റി പാസ്പോർട്ട് കൈവശമുള്ളവർക്കും യു എസിലേക്കുള്ള പ്രവേശനം ഇനി അനുവദിക്കില്ലെന്നാണ് വൈറ്റ് ഹൗസ് അറിയിച്ചിരിക്കുന്നത്.അമേരിക്കൻ പൗരന്മാർക്ക് ഭീഷണിയാകുന്ന തരത്തിലുള്ള വിദേശികളെ രാജ്യത്തേക്ക് പ്രവേശിപ്പിക്കരുതെന്ന നിലപാടിൻ്റെ ഭാഗമായാണ് ഈ തീരുമാനം. മാത്രമല്ല, യു എസിന്റെ സംസ്കാരം, സർക്കാർ, സ്ഥാപനങ്ങള്‍, ഭരണഘടനാപരമായ മൂല്യങ്ങള്‍ എന്നിവയെ അസ്ഥിരപ്പെടുത്താൻ സാധ്യതയുള്ളവരെയും തടയുമെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. “യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ സുരക്ഷ സംരക്ഷിക്കുന്നതിനാണ്” ഈ നിയന്ത്രണങ്ങൾ ഉദ്ദേശിച്ചതെന്നും ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരുമെന്നും വൈറ്റ് ഹൗസ് അറിയിച്ചു. ബുർക്കിന ഫാസോ, മാലി, നൈജർ, ദക്ഷിണ സുഡാൻ, സിറിയ എന്നിവിടങ്ങളിൽ നിന്നുള്ളവർക്കും പലസ്തീൻ അതോറിറ്റി പാസ്‌പോർട്ട് ഉടമകൾക്കും പൂർണ്ണ പ്രവേശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തും.മുമ്പ് ഭാഗിക നിയന്ത്രണങ്ങൾക്ക് വിധേയമായിരുന്ന ലാവോസ്, സിയറ ലിയോണുകൾ എന്നിവയെ പൂർണ്ണ നിരോധന പട്ടികയിലേക്ക് മാറ്റുകയും നൈജീരിയ, ടാൻസാനിയ, സിംബാബ്‌വെ എന്നിവയുൾപ്പെടെ 15 മറ്റ് രാജ്യങ്ങളിൽ ഭാഗിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

താങ്ക്സ്ഗിവിംഗ് വാരാന്ത്യത്തിൽ രണ്ട് നാഷണൽ ഗാർഡ് സൈനികരെ വെടിവച്ചതായി സംശയിക്കുന്ന ഒരു അഫ്ഗാൻ പൗരനെ അറസ്റ്റ് ചെയ്തതിനെ തുടർന്നാണ് പ്രഖ്യാപനം. വൈറ്റ് ഹൗസ് ഈ സംഭവം ചൂണ്ടിക്കാട്ടി സുരക്ഷാ ആശങ്കകൾ ഉയർത്തിക്കാട്ടിയിരുന്നു. മാത്രമല്ല, സിറിയയില്‍ രണ്ട് യു എസ് സൈനികരും ഒരു പൗരനും കൊല്ലപ്പെട്ട സംഭവവും അടുത്തിടെ ഉണ്ടായിരുന്നു.ട്രംപ് യാത്രാ നിരോധനം ഏർപ്പെടുത്തുന്നത് ഇത് മൂന്നാം തവണയാണ്. തന്റെ ആദ്യ ഭരണകാലത്ത്, 2017 ൽ അദ്ദേഹം സമാനമായ ഒരു ഉത്തരവ് അവതരിപ്പിച്ചിരുന്നു. ഇത് സ്വദേശത്തും വിദേശത്തും പ്രതിഷേധങ്ങൾക്കും നിയമപരമായ വെല്ലുവിളികൾക്കും കാരണമായി. ഈ നയം പിന്നീട് യുഎസ് സുപ്രീം കോടതി ശരിവെക്കുകയായിരുന്നു. അതേസമയം, നിരോധനം നിയമപരമായ സ്ഥിര താമസക്കാരെയോ നിലവിലുള്ള നിരവധി വിസ ഉടമകളെയോ നയതന്ത്രജ്ഞരെയോ പ്രധാന കായിക മത്സരങ്ങൾക്കായി യാത്ര ചെയ്യുന്നവരെയോ ബാധിക്കില്ല. ദേശീയ താൽപ്പര്യം മുൻനിർത്തി യാത്ര പരിഗണിക്കുന്നിടത്ത് ഓരോ കേസിനും ഇളവുകൾ ലഭ്യമാകുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

പൂർണ്ണ നിയന്ത്രണങ്ങളുള്ള രാജ്യങ്ങൾ – അഫ്ഗാനിസ്ഥാൻ,ബുർക്കിന ഫാസോ, ബർമ, ചാഡ്, ഇക്വറ്റോറിയൽ ഗിനിയ, എറിത്രിയ, ഹെയ്തി ഇറാൻ, ലാവോസ്, ലിബിയ, മാലി, നൈജർ, റിപ്പബ്ലിക് ഓഫ് കോംഗോ, സിയറ ലിയോൺ, സൊമാലിയ, ദക്ഷിണ സുഡാൻ, സുഡാൻ, സിറിയ, യെമൻ, പലസ്തീൻ

ഭാഗിക നിയന്ത്രണങ്ങൾ – അംഗോള, ആന്റിഗ്വ, ബാർബുഡ, ബെനിൻ, ബുറുണ്ടി, കോട്ട് ഡി ഐവയർ, ക്യൂബ, ഡൊമിനിക്ക, ഗാബൺ, ഗാംബിയ, മലാവി, മൗറിറ്റാനിയ, നൈജീരിയ, സെനഗൽ ടാൻസാനിയ ടോഗോ, ടോംഗ വെനിസ്വേല, സാംബിയ സിംബാബ്‌വെ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments