പലപ്പോഴും സോഷ്യൽ മീഡിയയ്ക്ക് ചില വിഷയങ്ങൾ ഇട്ടുകൊടുക്കുകയും ചർച്ചയ്ക്ക് പ്രേരിപ്പിക്കുകയും ചെയ്യുന്ന ശതകോടീശ്വരൻ ഇലോൺ മസ്കിൻ്റെ പുതിയ അഭിപ്രായ പ്രകടനവും വൈറൽ. സ്ത്രീ ശരീരങ്ങളെക്കുറിച്ചുള്ള ഇലോൺ മസ്‌കിന്റെ അഭിപ്രായങ്ങളാണ് ഒടുവിലായി ഇന്റർനെറ്റിനെ രണ്ടായി വിഭജിച്ചത്. “നിങ്ങൾക്ക് ഒരു ഗർഭപാത്രമുണ്ടെങ്കിൽ, നിങ്ങൾ ഒരു സ്ത്രീയാണ്. അല്ലെങ്കിൽ, നിങ്ങൾ അങ്ങനെയല്ല.”- ലിംഗഭേദത്തെക്കുറിച്ച് വിവാദപരമായ ഒരു അവകാശവാദം ഉന്നയിച്ചുകൊണ്ട് മസ്ക് ഇങ്ങനെ പറഞ്ഞതും ചർച്ചകൾ എതിർപ്പുകളും അനുകൂല ശബ്ദങ്ങളുമായി സൈബറിടത്തിൽ നിറഞ്ഞു.
പുരോഗമനവാദികളും LGBTQ+ അനുകൂലികളും മസ്‌കിനെതിരെ രംഗത്തെത്തി, മറുവശത്തുള്ളവർ മസ്ക് പറഞ്ഞത് ഒരു വസ്തുതയാണെന്ന് കാട്ടി പിന്തുണയ്ക്കുകയാണ്.“ഹൈസ്കൂളിൽ രസതന്ത്രം ഏതാണ്ട് പാസായ ഒരാളെന്ന നിലയിൽ, ഇത് എല്ലായ്പ്പോഴും ശരിയാണെന്ന് എനിക്ക് സ്ഥിരീകരിക്കാൻ കഴിയും”- ഒരു എക്സ് ഉപയോക്താവ് പ്രതികരിച്ചതിങ്ങനെ. “അപ്പോൾ ഒരു സ്ത്രീക്ക് ഹിസ്റ്റെരെക്ടമി ചെയ്താൽ അവൾ ഇനി ഒരു സ്ത്രീയല്ലേ?” (ഒരു സ്ത്രീയുടെ ഗർഭാശയം നീക്കം ചെയ്യുന്ന ഒരു ശസ്ത്രക്രിയയാണ് ഹിസ്റ്റെരെക്ടമി) മറ്റൊരു ഉപയോക്താവിൻ്റെ ചോദ്യമായിരുന്നു ഇത്. ഇങ്ങനെയൊക്കെ തുറന്നുപറയാൻ പറ്റുന്ന ഒരു യുഗത്തിലാണോ നമ്മളെന്നും ചിലർ സംശയം ഉന്നയിച്ചു. ആധുനിക മെഡിക്കൽ സയൻസിന്റെ കാലത്ത് എന്താണ് സാധ്യമല്ലാത്തതെന്നായിരുന്നു ചിലരുടെ ചോദ്യം.
ഇലോൺ മസ്‌കിന്റെ 14 കുട്ടികളിൽ മൂത്തയാളായ വിവിയൻ വിൽസൺ ട്രാൻസ് വ്യക്തിയാണ്. 18 വയസ്സ് തികഞ്ഞ ശേഷം വിവിയൻ 2022ൽ ഇലോൺ മസ്കുമായുള്ള ബന്ധം വിച്ഛേദിക്കുകയും തന്റെ പേരും ലിംഗഭേദവും നിയമപരമായി മാറ്റുകയും ചെയ്തതായി പരസ്യമായി പ്രഖ്യാപിച്ചിരുന്നു. മകൻ സ്ത്രീയായി മാറിയതിൽ മസ്ക് പരസ്യമായി എതിരഭിപ്രായം ഉന്നയിച്ചിരുന്നു. ഇപ്പോഴും ലിംഗമാറ്റത്തെ പരോക്ഷമായി മസ്ക് വിമർശിക്കാനുള്ള കാരണം ഇതാണെന്നും ചിലർ ചൂണ്ടിക്കാട്ടുന്നുണ്ട്.

