സിഡ്നി : ആസ്ട്രേലിയയിലെ ബോണ്ടി ബീച്ചിൽ ഞായറാഴ്ച വൈകിട്ട് ജനക്കൂട്ടത്തിനു നേരെയുണ്ടായ വെടിവെപ്പിൽ മരണം 15 ആയി. ജൂത മതവിശ്വാസികളുടെ ആഘോഷ പരിപാടിക്കിടെയാണ് വെടിവെപ്പുണ്ടായത്. ഭീകരാക്രമണമെന്ന് അധികൃതർ പ്രഖ്യപിച്ച സംഭവത്തിൽ 40ലേറെ പേർക്ക് പരിക്കേറ്റു. അക്രമികളിൽ ഒരാളെ പൊലീസ് ഏറ്റുമുട്ടലിൽ കൊലപ്പെടുത്തി. മറ്റൊരാൾ ഗുരുതര പരിക്കുകളോടെ പിടിയിലായി.
50കാരനായ സജീദ് അക്രമാണ് പൊലീസിന്‍റെ പ്രത്യാക്രമണത്തിൽ കൊല്ലപ്പെട്ടത്. പിടിയിലായ ഇയാളുടെ മകൻ നവീദ് അക്രം (24) ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. അക്രമികളുടെ കാറിൽനിന്ന് സ്ഫാടകവസ്തുക്കളടക്കം ലഭിച്ചു. ആസ്ട്രേലിയൻ സമയം വൈകീട്ട് 6.30ഓടെയാണ് സംഭവം. ജൂത ആഘോഷമായ ഹനൂക്കയോടനുബന്ധിച്ചുള്ള ചാനൂക്ക ചടങ്ങിനായി നൂറുക്കണക്കിന് പേർ സിഡ്നിയിലെ പ്രധാന വിനോദഞ്ചാര കേന്ദ്രമായ ബോണ്ടി ബീച്ചിൽ ഒത്തുകൂടിയിരിക്കുകയായിരുന്നു.
ഇതിനിടെ ആയുധങ്ങളുമായെത്തിയവർ വെടിവെപ്പ് നടത്തുകയായിരുന്നു. ഇതിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. ബോണ്ടിയിലെ രംഗങ്ങൾ ഞെട്ടിപ്പിക്കുന്നതും ദുഃഖകരവുമാണെന്ന് ആസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി അൽബനീസ് പറഞ്ഞു. ആഘോഷത്തിനിടെ തങ്ങളുടെ പ്രിയപ്പെട്ടവർ കൊല്ലപ്പെടുന്നത് കാണുമ്പോൾ അവർ അനുഭവിക്കുന്ന വേദന സങ്കൽപ്പിക്കാൻ മാത്രമേ കഴിയൂവെന്നും പ്രധാനമന്ത്രി പ്രസ്താവനയിൽ പറഞ്ഞു.

