കണ്ണൂർ : തദ്ദേശ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ ജില്ലയിൽ കഴിഞ്ഞ രാത്രിയിൽ പലയിടത്തും അക്രമം. പയ്യന്നൂരിൽ ഗാന്ധിപ്രതിമയുടെ മൂക്ക് അടിച്ചു തകർത്തു. രാമന്തളിയിലാണ് മഹാത്മാ ഗാന്ധിയുടെ പ്രതിമ തകർക്കാൻ ശ്രമിച്ചത്. കോൺഗ്രസ് നിയന്ത്രണത്തിലുള്ള മഹാത്മ മന്ദിരത്തിന്റെ മുന്നിൽ സ്ഥാപിച്ച പ്രതിമയ്ക്ക് നേരെയാണ് ആക്രമണം.
യുഡിഎഫ് സ്ഥാനാർഥിയെ പിന്തുണച്ചയാളുടെ വീടിന് നേരെ കല്ലേറുണ്ടായി. തളിപ്പറമ്പ് നഗരസഭ 26 ാം വാർഡ് തുരുത്തിയിൽ മത്സരിച്ച യുഡിഎഫ് സ്ഥാനാർത്ഥി മറിയംബി ജാഫറിന്റെ നാമനിർദേശ പത്രികയിൽ ഒപ്പിട്ട അഴീക്കോടന്റകത്ത് റഫീക്കിന്റെ വീടിനു നേരെയാണ് കല്ലേറുണ്ടായത്. ഇന്നലെ രാത്രിയിൽ ഇരുപതോളം വരുന്ന സംഘമാണ് ആക്രമിച്ചത്. വീടിന്റെ മേൽക്കൂര മേഞ്ഞ മെറ്റൽ ഷീറ്റും അടുക്കള ഭാഗത്തെ ജനൽ പാളികളും തകർന്നു. സിപിഎം പ്രവർത്തകരാണ് ആക്രമണത്തന് പിന്നിലെന്ന് മുസ്‌ലിം ലീഗ് ആരോപിച്ചു.
ബിജെപി പ്രവർത്തകന്റെ വീടിന്റെ തിണ്ണയിൽ ഇന്നലെ രാത്രി റീത്ത് വച്ചു. ബിജെപി പുഞ്ചക്കാട് ഏരിയ ജനറൽ സെക്രട്ടറി വികേഷിന്റെ വീട്ടിലാണ് റീത്ത് വച്ചത്. പാനൂർ മൊകേരി പഞ്ചായത്ത് ഏഴാം വാർഡ് എൽഡിഎഫ് സ്ഥാനാർഥി റുക്സാന പുഴുതുന്നിയിലിന്റെ വീടിന് നേരെയും അർധരാത്രിയോടെ ആക്രമണമുണ്ടായി. ജനൽ ചില്ലുകൾ തകർന്നു. മുറ്റത്ത് നിർത്തിയിട്ട സ്കൂട്ടറിനു കേടുപാടുണ്ടായി. റുക്സാന എൽഡിഎഫ് സ്ഥാനാർഥിയാകുന്നതിനെ മുസ്‌ലിം ലീഗ് എതിർത്തിരുന്നുവെന്ന് കുടുംബം ആരോപിച്ചു.
ഇന്നലെ വൈകിട്ട് പാനൂർ പാറാട് സിപിഎം പ്രവർത്തകർ വടിവാളുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. കുന്നോത്തുപറമ്പ് പഞ്ചായത്തിലെ തോല്‍വിക്ക് പിന്നാലെയാണ് സിപിഎം പ്രവർത്തകർ അക്രമാസക്തരായത്. സംഘർഷത്തിൽ നിരവധിപ്പേർക്ക് പരുക്കേറ്റിരുന്നു. സംഭവത്തിൽ അമ്പതോളം സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

