കൊൽക്കത്ത: അർജന്റീന ഇതിഹാസതാരം ലയണൽ മെസ്സി ഇന്ത്യയിലെ സന്ദർശനത്തിന് ശനിയാഴ്ച തുടക്കമായിരുന്നു. എന്നാൽ, കൊൽക്കത്തയിൽവെച്ച് നടന്ന മെസ്സിയുടെ പരിപാടി ഒടുവിൽ സംഘർഷത്തിലാണ് കലാശിച്ചത്. സാൾട്ട്ലേക്ക് സ്റ്റേഡിയത്തിൽ മെസ്സിയുടെ വരവിന് മുന്നോടിയായി നടത്തിയ മുന്നൊരുക്കത്തിൽ താരം അതൃപ്തി പ്രകടിപ്പിച്ചുവെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്.മെസ്സിക്കൊപ്പം സ്റ്റേഡിയത്തിലുണ്ടായിരുന്നു മുൻ ഇന്ത്യൻ ഫുട്ബാൾ താരം ലാൽകമൽ ഭൗമിക്കാണ് മെസ്സി ഒരുക്കങ്ങളിൽ അതൃപ്തി പ്രകടിപ്പിച്ചുവെന്ന് വെളിപ്പെടുത്തിയത്. സ്റ്റേഡിയത്തിനുള്ളിൽ പ്രവേശിച്ചതിന് ശേഷം രണ്ട് സൈഡിലൂടെ നടക്കുക മാത്രമാണ് ഞാൻ ചെയ്യുന്നത്. ഇവിടെ എന്താണ് സംഭവിക്കുന്നതെന്ന് മെസ്സി ടീമിലെ മറ്റുള്ളവരോട് ചോദിച്ചുവെന്നാണ് ഭൗമിക്കിന്റെ വെളിപ്പെടുത്തൽ.
മറ്റൊരു ഇന്ത്യൻ താരമായ ദീപേന്ദു ബിശ്വാസ് മെസ്സിയുടെ പര്യടനം ഓപ്പൺ ജീപ്പിലാക്കണമെന്ന് സംഘാടകരോട് ആവശ്യപ്പെട്ടിരുന്നുവെന്ന് വെളിപ്പെടുത്തി. ആയിരങ്ങൾ നൽകിയാണ് കാണികൾ മത്സരം കാണാനെത്തിയത്. അവർ മെസ്സിയെ കാണാൻ വേണ്ടിയാണ് വന്നതെന്നും ദീപേന്ദു ബിശ്വാസ് പറഞ്ഞു. സ്റ്റേഡിയത്തിൽ നിന്ന് പുറത്തിറങ്ങിയതിന് ശേഷമാണ് മെസ്സിയും സംഘവും പരിപാടി നിർത്തി മടങ്ങുകയാണെന്ന് അറിയിച്ചത്. അപ്പോൾ അവിടെയുണ്ടായിരുന്ന സൗരവ് ഗാംഗുലി ഉൾപ്പടെയുള്ളവർ സ്റ്റേഡിയത്തിൽ തുടരണമെന്ന് മെസ്സി അഭ്യർഥിച്ചുവെങ്കിലും അർജന്റീന താരം അതിന് തയാറായില്ല.
11.15ഓടെയാണ് മെസ്സി സ്റ്റേഡിയത്തിലേക്ക് എത്തിയത്. പത്ത് മിനിറ്റകം തന്നെ മെസ്സി മടങ്ങുകയും ചെയ്തു. തുടർന്ന് സ്റ്റേഡിയത്തിൽ സംഘർഷമുണ്ടായതോടെ ഇവിടെ പരിപാടിക്കായി എത്താനിരുന്ന ഇന്ത്യ മുൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സൗരവ് ഗാംഗുലിക്കും ബോളിവുഡ് താരം ഷാരൂഖ് ഖാനും പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കും സ്റ്റേഡിയത്തിനുള്ളിലേക്ക് കടക്കാൻ കഴിഞ്ഞിരുന്നില്ല.ഇന്ത്യയിലെ ആരാധകരുടെ വർഷങ്ങൾ നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് അർജന്റീന ഫുട്ബാൾ ഇതിഹാസം ലയണൽ മെസ്സി ഇന്ത്യയിലെത്തി. ശനിയാഴ്ച കൊൽക്കത്തയിൽ ആരംഭിക്കുന്ന പര്യടന പരിപാടികൾക്ക് തിങ്കളാഴ്ച ഡൽഹിയിൽ സമാപനമാവും. മെസ്സിയുടെ സുഹൃത്ത് കൂടിയായ സ്പോർട്സ് പ്രമോട്ടർ ശതാദ്രു ദത്തയാണ് ‘ഗോട്ട്‘ ടൂറിന്റെ സംഘാടകൻ.

