ഈ വർഷത്തെ ആഗോള സന്തോഷപ്പട്ടിക വന്നപ്പോൾ നോർഡിക് രാജ്യങ്ങളിലൊന്നായ സ്വീഡൻ നാലാം സ്ഥാനം നേടി. ഐക്യരാഷ്ട്ര സംഘടന, ഓക്സ്ഫഡ് സർവകലാശാല ഗവേഷണ വിഭാഗം തുടങ്ങിയവ ഉൾപ്പെടുന്ന വിവിധ ആഗോള ഏജൻസികൾ സഹകരിച്ചാണ് ഓരോ വർഷവും സന്തോഷപ്പട്ടിക പുറത്തിറക്കുന്നത്. വരുമാനം (പ്രതിശീർഷ ജിഡിപി), ആയുർ ദൈർഘ്യം, സാമൂഹിക സുരക്ഷ, തീരുമാനങ്ങളെടുക്കാനുള്ള സ്വാതന്ത്ര്യം, ഉദാരമനസ്കത, അഴിമതിയിൽനിന്നുള്ള മോചനം തുടങ്ങിയ ഘടകങ്ങൾ ഓരോ രാജ്യത്തിലെയും ജനങ്ങളെ എത്രമാത്രം സ്വാധീനിക്കുന്നുവെന്ന വിവിധ സർവേകളിൽനിന്നുള്ള കണ്ടെത്തലുകളിൽനിന്നാണ് ആഗോള സന്തോഷപ്പട്ടിക തയാറാക്കുന്നത്.
കോവിഡ് മഹാമാരി പേടിയിൽ ലോകമെങ്ങും രാഷ്ട്രങ്ങൾ ലോക്ഡൗൺ ഏർപ്പെടുത്തിയപ്പോൾ സ്വീഡൻ മാത്രം അതിനു തയാറായില്ല. അയൽ രാഷ്ട്രങ്ങളിലെല്ലാം മരണം വിതച്ചു പാഞ്ഞെത്തിയ മഹാമാരിയെ തടുക്കാൻ അതിർത്തികൾ അടയ്ക്കാനോ ജനങ്ങളെ വീട്ടിലിരുത്താനോ വ്യവസായ, വാണിജ്യ സ്ഥാപനങ്ങൾ അടച്ചിടാനോ സ്വീഡൻ തയാറായില്ല. ജനാധിപത്യമൂല്യങ്ങളും പൗരസ്വാതന്ത്ര്യവും ബലികഴിച്ചുകൊണ്ടുള്ള ഒരു നിയന്ത്രണവും വേണ്ടെന്ന മട്ട്. ആദ്യമൊക്കെ ലോകരാഷ്ട്രങ്ങൾ സംശയത്തോടെ വീക്ഷിച്ചെങ്കിലും കോവിഡ് പടർന്നു പിടിച്ചു രണ്ടു മാസം പിന്നിട്ടപ്പോൾ പലരും പതിയെ സ്വീഡന്റെ വഴിയേ സഞ്ചരിച്ചു. പിന്നീട് ലോകാരോഗ്യസംഘടന തന്നെ സ്വീഡിഷ് മാതൃക അനുകരണീയമെന്നു വാഴ്ത്തുകയും ചെയ്തു.
ഇവ വായിക്കുമ്പോൾ സ്വീഡനിലെ സാമൂഹിക ജീവിതത്തെക്കുറിച്ച് ഏകദേശമൊരു ധാരണ കിട്ടിക്കാണുമല്ലോ? എങ്കിൽ ഉപരിപഠനത്തിനായി മിടുക്കരെ തേടുകയാണ് സ്വീഡൻ. പരിസ്ഥിതി സൗഹൃദത്തിനു മുൻഗണന നൽകുന്ന സ്വീഡനിൽ അതുമായി ബന്ധപ്പെട്ട കോഴ്സുകൾക്കാണ് ഏറ്റവും സാധ്യതയുള്ളത്. എൻവയോമെന്റൽ സസ്റ്റയിനബിലിറ്റി ആൻഡ് റിനിവ്യൂബിൾ സ്റ്റഡീസ്, ബിസിനസ് മാനേജ്മെന്റ് ആൻഡ് ഒൻട്രപ്രണർഷിപ്, ക്രിയേറ്റീവ് ഗെയിം ഡിസൈൻ, ഡിജിറ്റിൽ മീഡിയ, എൻജിനീയറിങ് ആൻഡ് ടെക്നോളജി എന്ന മേഖലകളാണ് സാധ്യതകളുടെ പട്ടികയിൽ മുൻപിലുള്ളത്.
മിക്ക എൻജിനീയറിങ് കോഴ്സുകൾക്കും ഐ ഇഎൽടിഎസ് നിർബന്ധമില്ലാത്തതിനാൽ പഠനത്തിനു ഭാഷാനൈപുണ്യം തടസ്സമാകില്ല. കോഴ്സ് വിജയകരമായി പൂർത്തിയാക്കിയശേഷം ഒരു വർഷം വരെ സ്റ്റേബായ്ക്ക് അനുവദിക്കുന്നതിനാൽ ഭാവിയിൽ പെർമനന്റ് റെസിഡൻസി (പിആർ) നേടാനുള്ള സാധ്യത ഇരട്ടിയാണ്.‘
സ്വീഡനിലെ പ്രധാന പട്ടണങ്ങളായ സ്റ്റോക്കോം, ഗോഥൻബർ, മാല്‍മോ, ഉപ്സാല എന്നിവടങ്ങളിലെ യൂണിവേഴ്സിറ്റികൾ മികവിന്റെ അടിസ്ഥാനത്തിൽ കുറഞ്ഞത് ഇരുപതു ശതമാനം വരെ സ്കോളർഷിപ്പുമായി മിടുക്കരെ തേടുകയാണ്. കോഴ്സിനു ചേർന്നു പഠിക്കാൻ ഉയർന്ന പ്രായപരിധിയില്ലെങ്കിലും പതിനെട്ടു വയസ്സു തികഞ്ഞ ആർക്കും സ്വീഡനിൽ പഠിക്കാൻ അപേക്ഷിക്കാം. അടുത്ത വർഷം ഒാഗസ്റ്റിൽ സർവകലാശാലകളിൽ പ്രവേശനം നേടാൻ ജനുവരി 15നു മുൻപ് അപേക്ഷിക്കണം. പാസ്പോർട്ടിനൊടൊപ്പം വിശദമായ കരിക്കുലം വിറ്റേ (സിവി), പത്താം ക്ലാസ് മുതലുള്ള അക്കാദമിക രേഖകൾ, ലെറ്റർ ഒാഫ് റെക്കമെൻഡേഷൻ എന്നിവയാണ് പ്രധാനമായും വേണ്ടത്. ഓരോ യൂണിവേഴ്സിറ്റികളും നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. വിദ്യാർഥിയുടെ മുൻകാല പഠനമികവും പഠിച്ച വിഷയങ്ങളും പ്രവൃത്തിപരിചയവുമെല്ലാം വിലയിരുത്തപ്പെടും. പഠനത്തോടൊപ്പം പരിധിയില്ലതെ പാർട് ടൈം ജോലി ചെയ്യാനുമുള്ള അവസരവും വിദ്യാർഥികൾക്കുണ്ട്.

