വാഷിങ്ടൻ : അമേരിക്കയിൽ സ്ഥിരതാമസത്തിന് ‘ ട്രംപ് ഗോൾഡ് കാർഡ്’ വീസ പദ്ധതിയുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സമ്പന്നരും ഉയർന്ന വൈദഗ്ധ്യമുള്ളവരുമായ വിദേശ പൗരന്മാരെ യുഎസിലേക്ക് ആകർഷിക്കാനാണ് പുതിയ പദ്ധതി. വേഗത്തിൽ താമസാനുമതി നേടാൻ അവസരമൊരുക്കുന്നതിലൂടെ വിദേശ നിക്ഷേപം ആകർഷിക്കാൻ കഴിയുമെന്നും പ്രതീക്ഷിക്കുന്നു. ഉടൻ തന്നെ ‘ട്രംപ് പ്ലാറ്റിനം കാർഡ്’ പുറത്തിറങ്ങുമെന്നും റിപ്പോർട്ടുണ്ട്.
ഗോൾഡ് കാർഡ് അപേക്ഷകൾ ക്ഷണിക്കുന്നതിനായി വെബ്സൈറ്റ് തുറന്നു. 10 ലക്ഷം ഡോളർ (ഏകദേശം 9,02,52,789 ഇന്ത്യൻ രൂപ) നൽകുന്ന വ്യക്തികൾക്ക് യുഎസ് പൗരത്വം ലഭിക്കും. 20 ലക്ഷം ഡോളർ (18,03,92,000 ഇന്ത്യൻ രൂപ) നൽകി കമ്പനികൾക്ക് ഗോൾഡ് കാർഡിലൂടെ വിദഗ്ധ തൊഴിലാളികളെ യുഎസിലെത്തിക്കാം. വിദേശ നിക്ഷേപം കൊണ്ടുവരാനായി 1990ൽ ആരംഭിച്ച ഇബി-5 വീസകൾക്ക് പകരമായാണ് പുതിയ പദ്ധതി. കുറഞ്ഞത് 10 പേർ ജോലി ചെയ്യുന്ന ഒരു കമ്പനിയിൽ ഏകദേശം 10 ലക്ഷം ഡോളർ ചെലവഴിക്കുന്നവർക്കായിരുന്നു ഇബി 5 വീസ ലഭിച്ചിരുന്നത്.
ഒരു ഗോൾഡ് കാർഡ് ലഭിക്കാന്‍ 50 ലക്ഷം ഡോളർ വേണ്ടി വരുമെന്നാണ് ട്രംപ് നേരത്തെ പറഞ്ഞിരുന്നതെങ്കിലും പിന്നീട് തുക കുറയ്ക്കുകയായിരുന്നു. വീസ പദ്ധതിയുടെ ഭാഗമായി വരുന്ന ഫണ്ടുകൾ സർക്കാരിനു ലഭിക്കുമെന്നും, ഈ രീതിയിൽ കോടിക്കണക്കിനു ഡോളർ ട്രഷറിയിലെത്തുമെന്നും ട്രംപ് പറഞ്ഞു. ഈ തുക ഉപയോഗിച്ച് രാജ്യത്തിന് നല്ല കാര്യങ്ങൾ ചെയ്യാൻ കഴിയും. അടിസ്ഥാനപരമായി ഇതൊരു ഗ്രീൻ കാർഡ് ആണെങ്കിലും അതിലും മെച്ചപ്പെട്ടതാണെന്നും ട്രംപ് പറഞ്ഞു. കമ്പനികൾക്ക് ഒന്നിലധികം കാർഡുകൾ ലഭിക്കുമെങ്കിലും വ്യക്തിക്ക് ഒരു കാർഡു മാത്രമേ ലഭിക്കൂ.

