ന്യൂഡൽഹി: വോട്ടർപട്ടിക തീവ്ര പരിഷ്‍കരണ (എസ്.ഐ.ആർ) ചർച്ചയിൽ ലോക്സഭയിൽ കൊമ്പുകോർത്ത് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ആഭ്യന്തര മന്ത്രി അമിത് ഷായും. ചൊവ്വാഴ്ച രാഹുൽ ഗാന്ധിയും പ്രതിപക്ഷ അംഗങ്ങളും ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടിയുമായി ആഭ്യന്തര മന്ത്രി സഭയിൽ എത്തിയതോടെയാണ് ഇരു നേതാക്കളും വെല്ലുവിളിയുമായി കൊമ്പുകോർത്തത്.വോട്ട് കൊള്ളയുമായി ബന്ധപ്പെട്ട് താൻ നടത്തിയ വാർത്താ സമ്മേളനത്തിൽ ഉന്നയിച്ച വിഷയങ്ങളിൽ സംവാദം നടത്താൻ രാഹുൽ ഗാന്ധി അമിത് ഷായെ വെല്ലുവിളിച്ചു.
മൂന്ന് വാർത്താ സമ്മേളനത്തിൽ ഉന്നയിച്ച വിഷയങ്ങളിൽ തെളിവു നൽകാൻ തയ്യാറാണെന്നും, തുറന്ന സംവാദത്തിന് ആഭ്യന്തര മന്ത്രി തയ്യാറുണ്ടോയെന്നും രാഹുൽ ചോദിച്ചു.എന്നാൽ, താൻ എന്ത് സംസാരിക്കണമെന്ന് രാഹുൽ തീരുമാനിക്കേണ്ടെന്നായി അമിത് ഷാ. ക്ഷമയോടെ ഇരുന്ന് കേൾക്കണമെന്നും, എന്ത് സംസാരിക്കണമെന്ന് താൻ തീരുമാനിക്കുമെന്നും ക്ഷോഭത്തോടെ അമിത്ഷാ മറുപടി നൽകി.രണ്ടാം ദിനത്തിലെ എസ്.ഐ.ആർ ചർച്ചക്കിടെ അമിത് ഷാ സംസാരിക്കുന്നതിനിടെ ഇടപെട്ട രാഹുൽ ഗാന്ധിക്ക് സ്പീക്കർ സമയം അനുവദിക്കുകയായിരുന്നു.
അതേസമയം കോൺഗ്രസ് ഭരണത്തിൽ നാലുതവണ എസ്.ഐ.ആർ നടന്നുവെന്ന് അമിത് ഷാ മറുപടി പ്രസംഗത്തിൽ പറഞ്ഞു. പ്രതിപക്ഷം തെരഞ്ഞെടുപ്പിൽ തോൽക്കുമ്പോൾ മാത്രമാണ് രാഹുൽ ആരോപണങ്ങൾ ഉന്നയിക്കുന്നത്. വോട്ട് ചോരിയിലൂടെ രാഹുൽ ഗാന്ധി ലോക്സഭയെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.വോട്ട് കൊള്ളയിൽ പ്രതിപക്ഷ ആക്രമണത്തെ പ്രതിരോധിക്കുന്നതിനിടെ, കേരളത്തിലെ നേതാക്കളെയും അമിത്ഷാ പരാമർശിച്ചു. കേരള പ്രതിപക്ഷ നേതാവ് വി.ഡി സതീശനും, മന്ത്രി വി. ശിവൻകുട്ടിയും ഉൾപ്പെടെ ഇൻഡ്യ മുന്നണിയുടെ ഭാഗമായ നേതാക്കൾ വോട്ട് ചോരി ആരോപണവുമായി ഇന്ത്യൻ ജനാധിപത്യത്തെ അപമാനിക്കുകയാണെന്നായി അമിത് ഷാ.
ഇരട്ട വോട്ടുകളെ കുറിച്ചുള്ള പരാമർശത്തിന് ടി.സിദ്ദീഖിന് ഇരട്ട വോട്ട് ഉണ്ടെന്നായി അമിത് ഷായുടെ മറുപടി. വയനാട്ടിൽ വോട്ടർപട്ടികയിൽ ക്രമക്കേടുണ്ടെന്ന് തന്റെ പാർട്ടി ആരോപിച്ചതായും ചുണ്ടികാട്ടി.എന്നാൽ, അമിത്ഷായുടെ പ്രതികരണം പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾക്ക് മുന്നിൽ ഭയപ്പെട്ടതിന് തെളിവെന്ന് രാഹുൽ ഗാന്ധി തുറന്നടിച്ചു.തങ്ങൾക്ക് വോട്ട് ചെയ്യുന്ന അനധികൃത നുഴഞ്ഞുകയറ്റക്കാരെ വോട്ടർപട്ടികയിൽ നിന്നും നീക്കം ചെയ്യുന്നതിനാലാണ് കോൺഗ്രസ് എസ്.ഐ.ആറിനെ ഭയക്കുന്നതെന്ന് വ്യക്തമാക്കിയാണ് അമിത് ഷാ മറുപടി പ്രസംഗം ആരംഭിച്ചത്. ആദ്യ വോട്ട് ചോരി നടത്തിയത് നെഹ്റുവാണ്. ഇന്ദിരാഗാന്ധിയും വോട്ട് കൊള്ള നടത്തിയാണ് ജയിച്ചത് -ആഭ്യന്തര മന്ത്രി പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മീഷൻ നിയമിക്കുന്ന സമിതിയിൽ നിന്നും ചീഫ് ജസ്റ്റിനെ എന്തിന് ഒഴിവാക്കിയെന്ന ചോദ്യത്തിന് കഴിഞ്ഞ 74 വർഷമായി കമീഷനെ നിമിക്കാൻ കൃത്യമായ മാർഗമില്ലായിരുന്നുവെന്നും പ്രധാനമന്ത്രി തെരഞ്ഞെടുത്ത് നിയമിക്കുകയായിരുന്നു ഇതുവരെ. ആ രീതിക്ക് മാറ്റംവരുത്തിയെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി.വോട്ട് ചോരി ആരോപണം പൂർണമായും തെറ്റാണെന്നും, തെരഞ്ഞെടുപ്പ് തോൽക്കുമ്പോൾ പ്രതിപക്ഷം ഉയർത്തുന്നതാണ് വോട്ട് ചോരി ആരോപണമെന്നും അദ്ദേഹം പറഞ്ഞു.

