വാഷിംഗ്ടൺ : ഇന്ത്യയുമായി പുതിയ വ്യാപാര ചർച്ചകൾക്കായി ട്രംപ് ഭരണകൂടത്തിൽ നിന്നുള്ള പ്രതിനിധികൾ അടുത്ത ആഴ്ച ഇന്ത്യയിലേക്ക് എത്തുമെന്ന് റിപ്പോർട്ട്. യുഎസ് ഡെപ്യൂട്ടി ട്രേഡ് പ്രതിനിധി റിക്ക് സ്വിറ്റ്‌സറിന്റെ നേതൃത്വത്തിലുള്ള ഒരു സംഘമാണ് ചർച്ചകൾക്കായി തയ്യാറെടുക്കുന്നത്. പ്രതിനിധി സംഘത്തിന്റെ സന്ദർശനത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ഇനിയും പുറത്തുവിട്ടിട്ടില്ല.
പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭരണകൂടം ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ തീരുവ 50% ആക്കിയാണ് ഉയർത്തിയിരിക്കുന്നത്. ഇത് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ പ്രധാന മേഖലകളെ തടസ്സപ്പെടുത്തി. തീരുവ കുറയ്ക്കുന്നതിനുള്ള ഒരു പ്രാരംഭ കരാർ അന്തിമമാക്കാൻ മോദിയുടെ സർക്കാർ കിണഞ്ഞ് പരിശ്രമിക്കുന്നുണ്ട്.
ആദ്യം പുറത്തുവരേണ്ടത് പരസ്പര താരിഫുകൾ പരിഹരിക്കാൻ കഴിയുന്ന ഒരു ചട്ടക്കൂട് വ്യാപാര കരാറാണെന്നും ഈ വർഷം അതുണ്ടാകണമെന്നാണ് പ്രതീക്ഷയെന്നും ഇന്ത്യൻ വാണിജ്യ സെക്രട്ടറി രാജേഷ് അഗർവാൾ കഴിഞ്ഞ ആഴ്ച നടന്ന ഒരു വ്യവസായ പരിപാടിയിൽ പറഞ്ഞിരുന്നു.“ഈ കലണ്ടർ വർഷം എന്തെങ്കിലും പരിഹാരം കണ്ടെത്തുമെന്ന് ഞങ്ങൾ വളരെ ശുഭാപ്തിവിശ്വാസമുള്ളവരും പ്രതീക്ഷയുള്ളവരുമാണ്, ആദ്യം പുറത്തുവരേണ്ടത് പരസ്പര താരിഫുകൾ പരിഹരിക്കാൻ കഴിയുന്ന ഒരു ചട്ടക്കൂട് വ്യാപാര കരാറാണ്.”- അദ്ദേഹം പറഞ്ഞു.
ഇന്ത്യ റഷ്യൻ എണ്ണ വാങ്ങിയതിന് പ്രതികാരമായാണ് അധികതീരുവ ഉൾപ്പെടെ യുഎസ് പ്രസിഡന്റ് 50% തീരുവയാക്കിയത്. ഇന്ത്യ എണ്ണ വ്യാപാരത്തിലൂടെ റഷ്യക്ക് നല്കുന്ന പണം റഷ്യ യുക്രൈനെതിരായ യുദ്ധത്തിനാണ് ഉപയോഗിക്കുന്നതെന്നാണ് ട്രംപ് പറയുന്നത്. പിന്നീട് ട്രംപ് തന്നെ ഇന്ത്യ റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നത് കുറച്ചെന്ന് പ്രഖ്യാപിച്ചിരുന്നു. ക്രൂഡ് ഇറക്കുമതി കുറയ്ക്കാനുള്ള മോദിയുടെ ട്രംപ് തീരുമാനത്തെ പ്രശംസിക്കുകയും ചെയ്തു. ഇതോടെ താരിഫ് ഇളവിലേക്കുള്ള വാതിൽ തുറന്നു. കഴിഞ്ഞ മാസം ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ തീരുവ കുറയ്ക്കുമെന്നും ഇരു രാജ്യങ്ങളും ഒരു വ്യാപാര കരാറിലേക്ക് “വളരെ അടുത്തു” വരികയാണെന്നും ട്രംപ് പറഞ്ഞിരുന്നു.
സമീപ മാസങ്ങളിലായി ഇരു രാജ്യങ്ങളിലെയും സംഘങ്ങൾ നിരവധി തവണ കൂടിക്കാഴ്ച നടത്തിയിരുന്നു, എന്നാൽ ഒരു കരാറിലേക്ക് എത്താൻ ഇനിയും കഴിഞ്ഞിട്ടില്ല.ഇന്ത്യയുടെ ഏറ്റവും വലിയ കയറ്റുമതി വിപണിയാണ് യുഎസ്. തുണിത്തരങ്ങൾ, തുകൽ, പാദരക്ഷകൾ, ആഭരണങ്ങൾ എന്നിവയുൾപ്പെടെയുള്ള തൊഴിൽ മേഖലകളെ തീരുവ വർധനവ് സാരമായി ബാധിച്ചിരുന്നു.

