Friday, December 5, 2025
HomeBreakingNewsതെരുവില്‍ കിടന്ന നവജാത ശിശുവിന് കാവലൊരുക്കി തെരുവുനായ്ക്കള്‍

തെരുവില്‍ കിടന്ന നവജാത ശിശുവിന് കാവലൊരുക്കി തെരുവുനായ്ക്കള്‍

പെരുകിവരുന്ന തെരുവുനായ്ക്കള്‍ക്കെതിരെ എല്ലായിടത്തും പ്രതിഷേധവും മുറുമുറുപ്പും നടക്കുന്നതിനിടെ പ്രതീക്ഷാവഹമായ ഒരു വാര്‍ത്തയാണ് പശ്ചിമബംഗാളില്‍ നിന്നും കേള്‍ക്കുന്നത്. തണുത്ത് മരവിച്ച രാത്രിയില്‍ നാടാകെ മൂടിപ്പുതച്ചുറങ്ങുമ്പോള്‍ തെരുവില്‍ കിടന്ന നവജാത ശിശുവിന് കാവലാള്‍മാരായത് തെരുവുനായ്ക്കള്‍. 

പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിലെ നദീതീരത്താണ് സംഭവം. റെയിൽവേ ജീവനക്കാരുടെ കോളനിയിലെ കുളിമുറിക്ക് പുറത്ത് നിലത്താണ് ഒരു നവജാതശിശു ഉപേക്ഷിക്കപ്പെട്ട നിലയില്‍ കിടന്നത്. മണിക്കൂറുകള്‍ക്കു മുന്‍പു മാത്രം പിറന്നുവീണ കുഞ്ഞിന്റെ ദേഹത്തുള്ള രക്തക്കറകള്‍ പോലും മാഞ്ഞിരുന്നില്ല. തുണിയോ ഷീറ്റോ ഒന്നുമില്ലാതെ തണുത്തുറഞ്ഞ തറയില്‍ പിറന്നപടി കിടന്ന കുഞ്ഞിന് ചുറ്റും ആ സംരക്ഷകരെത്തി. പകല്‍നേരത്ത് നാട്ടുകാര്‍ കല്ലെടുത്തും വടിയെടുത്തും ഓടിക്കുന്ന അതേ നായ്ക്കൂട്ടം. ആ രാത്രി മുഴുവന്‍ കുഞ്ഞിന്റെ ദേഹത്തുനിന്നും കണ്ണെടുക്കാതെ കുരയ്ക്കുകയോ ബഹളം വയ്ക്കുകയോ ചെയ്യാതെ നേരം വെളുക്കുവോളം അവര്‍ കാവല്‍ നിന്നു. 

കുഞ്ഞിനെ ആദ്യം കണ്ടത് നാട്ടുകാരനായ ശുക്ല മൊണ്ടാല്‍ ആണ്. ‘ഉണർന്നു നോക്കിയപ്പോൾ ഞങ്ങൾ കണ്ട കാഴ്ച ഇപ്പോഴും രോമാഞ്ചമുണ്ടാക്കുന്നു, ജാഗരൂകരായിരുന്നു ആ നായ്ക്കള്‍. പിറന്നുവീണതുമുതല്‍ അനാഥമായ ആ ജീവനെ കണ്ട് അവര്‍ക്കും വേദന തോന്നിക്കാണും’– ഇതായിരുന്നു ശുക്ലയ്ക്ക് പറയാനുണ്ടായിരുന്നത്. അതേസമയം പുലര്‍ച്ചെയോടെ ഒരു കരച്ചില്‍ കേട്ടെന്നും തൊട്ടടുത്ത വീട്ടിലെ കു‍ഞ്ഞാണെന്ന് കരുതിയെന്നും മറ്റൊരാള്‍ പറയുന്നു. 

ഈ രംഗം കണ്ട് പതിെയ സംസാരിച്ചുകൊണ്ട് ശുക്ല അടുത്തേക്ക് വന്നപ്പോള്‍ തെരുവുനായ്ക്കൂട്ടം പതിയെ പിന്‍മാറി ആ സുരക്ഷാവലയം തുറന്നുകൊടുത്തു. കുഞ്ഞിനെ വേഗം ഒരു ദുപ്പട്ടയില്‍ പൊതി‍ഞ്ഞ ശേഷം അയല്‍വാസികളെയെല്ലാം വിളിച്ചുവരുത്തി. കുഞ്ഞിനെ ആദ്യം മഹേഷ്ഗഞ്ച് ആശുപത്രിയിലും തുടർന്ന് കൃഷ്ണനഗർ സദർ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ഭാഗ്യവശാല്‍ കു‍ഞ്ഞിന് പരുക്കുകളൊന്നും ഉണ്ടായിരുന്നില്ലെന്നും തലയില്‍ കണ്ട രക്തം പ്രസവസമയത്തുള്ളതാണെന്നും ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. പ്രസവം കഴിഞ്ഞ് മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ ആ കുഞ്ഞിനെ ഉപേക്ഷിച്ചുകാണുമെന്നാണ് സൂചന. പ്രദേശവാസികളിൽ ആരെങ്കിലുമാവാം കുഞ്ഞിനെ ഉപേക്ഷിച്ചതെന്നാണ് പോലീസ് നിഗമനം. നബദ്വീപ് പോലീസ് അന്വേഷണം ആരംഭിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments