പി പി ചെറിയാൻ
വാഷിങ്‌ടൻ ഡിസി: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ എംആർഐ സ്കാൻ റിസർട്ട് പുറത്തുവിട്ട് വൈറ്റ് ഹൗസ്. ആരോഗ്യസ്ഥിതിയിൽ പ്രശ്നങ്ങളില്ലെന്നാണ് വൈറ്റ് ഹൗസ് ഫിസിഷ്യൻ ക്യാപ്റ്റൻ സീൻ ബാർബെല്ല അറിയിച്ചിരിക്കുന്നത്. ഒക്ടോബറിൽ നടത്തിയ സമഗ്ര പരിശോധനയുടെ ഭാഗമായി ഹൃദയത്തിന്റെയും വയറിന്റെയും അഡ്വാൻസ്ഡ് ഇമേജിങ് നടത്തിയതിന്റെ റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.
ട്രംപിന്റെ ആരോഗ്യത്തെയും പ്രായത്തെയും ചൊല്ലിയുള്ള ആശങ്കകൾക്കിടയിൽ, ഡെമോക്രാറ്റുകൾ ഈ സ്കാൻ ഫലങ്ങൾ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഈ പ്രായത്തിലുള്ളവർക്ക് ഹൃദയത്തിന്റെയും വയറിന്റെയും സമഗ്രമായ വിലയിരുത്തൽ ആവശ്യമായതിനാലാണ് എംആർഐ നടത്തിയത്. ഇത് ഒരു പ്രതിരോധ നടപടി മാത്രമാണെന്നും ഡോക്ടർ വിശദീകരിച്ചു.

