സ്‌പേസ് എക്‌സ് മേധാവി ഇലോൺ മസ്‌ക് തൻ്റെ ഇന്ത്യൻ വേരുകൾ സ്ഥിരീകരിച്ചു. പ്രമുഖ നിക്ഷേപകനും സീറോധ സ്ഥാപകനുമായ നിഖിൽ കാമത്തിന്റെ പോഡ്‌കാസ്റ്റിൽ സംസാരിക്കവെയാണ് മസ്‌ക് സുപ്രധാന വിവരം പങ്കുവെച്ചത്. തന്റെ പങ്കാളിയും ന്യൂറാലിങ്ക് എക്‌സിക്യൂട്ടീവുമായ ഷിവോൺ സിലിസിന് ഇന്ത്യൻ വേരുകളുണ്ട്. ഷിവോൺ സിലിസ് കാനഡയിലാണ് വളർന്നതെന്നും കുഞ്ഞായിരിക്കുമ്പോൾ ദത്തെടുത്തതാണെന്നും മസ്‌ക് പറഞ്ഞു. അവരുടെ അച്ഛൻ യൂണിവേഴ്‌സിറ്റിയിലെ എക്‌സ്‌ചേഞ്ച് വിദ്യാർത്ഥിയായിരുന്നുവെന്നാണ് അറിവെന്നും കൃത്യമായ വിവരങ്ങൾ തനിക്കറിയില്ലെന്നും മസ്‌ക് വ്യക്തമാക്കി.
പ്രശസ്ത ഇന്ത്യൻ-അമേരിക്കൻ ഭൗതികശാസ്ത്രജ്ഞനും നൊബേൽ സമ്മാന ജേതാവുമായ സുബ്രഹ്മണ്യൻ ചന്ദ്രശേഖറിനോടുള്ള ആദരസൂചകമായാണ് മകന് ‘ശേഖർ’ എന്ന് പേര് നൽകിയതെന്നും മസ്‌ക് പറഞ്ഞു. നിലവിൽ സിലിസ് മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനിയായ ന്യൂറാലിങ്കിൽ ഡയറക്ടർ ഓഫ് ഓപ്പറേഷൻസ് ആൻഡ് സ്പെഷ്യൽ പ്രോജക്ട്‌സ് പദവി വഹിക്കുകയാണ്.
അതേസമയം, അമേരിക്കൻ വിസ നിയമങ്ങൾ കൂടുതൽ കർശനമാകുന്നതിനെക്കുറിച്ചും മസ്‌ക് പോഡ്‌കാസ്റ്റിൽ ആശങ്ക രേഖപ്പെടുത്തി. വർഷങ്ങളായി ഇന്ത്യയിൽ നിന്നുള്ള പ്രതിഭകൾ അമേരിക്കയ്ക്ക് വലിയ നേട്ടം ഉണ്ടാക്കിയിട്ടുണ്ടെന്നും എന്നാൽ നിലവിലെ സാഹചര്യത്തിൽ ആ സ്ഥിതി മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കഴിവും വൈദഗ്ധ്യവുമുള്ള ഇന്ത്യൻ പ്രൊഫഷണലുകൾക്ക് യു.എസിലേക്ക് കുടിയേറാനുള്ള അവസരങ്ങൾ കുറയുന്നത് അമേരിക്കയുടെ വളർച്ചയ്ക്ക് ദോഷകരമാകുമെന്നും മസ്‌ക് കൂട്ടിച്ചേർത്തു.

