തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്കെതിരെ ബലാത്സംഗ പരാതിയുമായി മറ്റൊരു യുവതികൂടി രംഗത്ത്. മുതിർന്ന കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിക്കും കെ.പി.സി.സി പ്രസിസിഡന്‍റ് സണ്ണി ജോസഫിനും യുവതി പരാതി അയച്ചു. ബംഗളൂരുവിൽ താമസിക്കുന്ന 23കാരിയാണ് പരാതിയുമായി എത്തിയത്. വർഷങ്ങൾക്ക് മുമ്പ് നടന്ന സംഭവത്തിലാണ് പെണ്‍കുട്ടിയുടെ പരാതി. നേരത്തെ, ഇതുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയിൽനിന്ന് ക്രൈംബ്രാഞ്ച് വിവരം ശേഖരിച്ചിരുന്നു. എന്നാൽ നിയമനടപടിക്ക് തയാറല്ലെന്ന് പെൺകുട്ടി അറിയിക്കുകയായിരുന്നു
പാർട്ടി നേതൃത്വത്തിന് നേരത്തെ തന്നെ പരാതി നൽകിയിരുന്നു. എന്നാൽ പരാതി ലഭിച്ചിട്ടില്ലെന്ന് അറിയിച്ചതിനെ തുടർന്ന് പെൺകുട്ടി വീണ്ടും പരാതി നൽകുകയായിരുന്നു. സോണിയാ ഗാന്ധിക്ക് ഇ-മെയിൽ വഴിയാണ് പരാതി നൽകിയിരിക്കുന്നത്. രാഹുലുമായി പത്തനംതിട്ടയിൽ ഏറ്റവും അടുപ്പമുള്ള വ്യക്തിയേയും കുറിച്ച് പരാതിയിൽ പറയുന്നു. അയാളുടെ അറിവോട് കൂടിയാണ് പീഡനം നടന്നതെന്നും സുഹൃത്തിന്‍റെ വീട്ടിൽവെച്ചാണ് പീഡനം നടന്നതെന്നും പരാതിയിൽ പറയുന്നു. ഇതിന് ശേഷം മാനസികമായും ശാരീരികമായും തകർന്നു. ഗർഭിണിയാവണമെന്ന് രാഹുൽ ആവശ്യപ്പെട്ടു. ലൈംഗികമായി പീഡിപ്പിച്ച ശേഷം രാഹുൽ ബന്ധത്തിൽനിന്നും പിന്മാറിയെന്നും പരാതിയിൽ പറയുന്നു.
പരാതി കിട്ടിയ കാര്യം പാർട്ടി നേതൃത്വം സ്ഥിരീകരിച്ചിട്ടുണ്ട്. ചൊവ്വാഴ്ച ഉച്ചക്ക് പരാതി ലഭിച്ചു. എന്നാൽ ഇത്തരത്തിലുള്ള പരാതി പൊലീസിനാണ് നൽകേണ്ടത്. പരാതിയിൽ എന്ത് നടപടിയാണ് സ്വീകരിക്കേണ്ടതെന്ന് നിയമവിദഗ്ധരുമായി സംസാരിക്കുമെന്നും കോൺഗ്രസ് വ്യക്തമാക്കി. നേരത്തെയുള്ള ബലാത്സംഗക്കേസിൽ മുൻകൂർ ജാമ്യാപേക്ഷ ബുധനാഴ്ച പരിഗണിക്കാനിരിക്കെയാണ് രാഹുലിനെതിരെ പുതിയ പരാതി വരുന്നത്.

