ശ്വാസകോശാര്‍ബുദ ചികിത്സയില്‍ കൂടുതല്‍ ഫലപ്രാപ്തി ലഭിക്കുന്ന മരുന്നു പരീക്ഷണവുമായി ഗവേഷകര്‍. സാധാരണ ചികിത്സയെക്കാള്‍ 40 ശതമാനത്തിലധികം ഫലം ഒരു പുതിയ മരുന്ന് സംയോജനം കാണിക്കുന്നതായി ഗവേഷകര്‍ അവകാശപ്പെടുന്നു. ശ്വാസകോശാര്‍ബുദമാണ് ലോകത്തിലെ കാന്‍സര്‍ മരണത്തിന്റെ പ്രധാന കാരണം. പ്രതിവര്‍ഷം 1.8 ദശലക്ഷം മരണങ്ങളാണ് ശ്വാസകോശാര്‍ബുദത്താല്‍ സംഭവിക്കുന്നത്. രോഗത്തിന്റെ അതിജീവന നിരക്കും കുറവാണ്.
അമിവന്റമാബ്, ലാസര്‍ട്ടിനിബ് എന്നിവയുടെ സംയോജനം കഴിച്ച ശ്വാസകോശാര്‍ബുദരോഗികള്‍ ശരാശരി 23.7 മാസത്തിനുശേഷവും രോഗത്തില്‍ പുരോഗതിയില്ലാതെ ജീവിച്ചിരിപ്പുണ്ടെന്ന് ആഗോള പഠനത്തില്‍ നിന്നുള്ള ഡാറ്റ പറയുന്നു. സാധാരണ മരുന്നായ ഒസിമെര്‍ട്ടിനിബ് ഉപയോഗിക്കുന്ന രോഗികളില്‍ പുരോഗതിയില്ലാത്ത അതിജീവനം ശരാശരി 16.6 മാസമാണ്.
ശ്വാസകോശാര്‍ബുദത്തെ നയിക്കുന്ന ജീവശാസ്ത്രത്തെക്കുറിച്ചുള്ള മികച്ച ധാരണയാണ് ഈ ടാര്‍ഗെറ്റുചെയ്ത ചികിത്സകളുടെ വികാസത്തിലേക്ക് നയിച്ചതെന്ന് യൂണിവേഴ്സിറ്റി കോളേജ് ഹോസ്പിറ്റലിലെ മെഡിക്കല്‍ ഓങ്കോളജിസ്റ്റും യുകെയിലെ ട്രയലിന്റെ ചീഫ് ഇന്‍വെസ്റ്റിഗേറ്ററുമായ പ്രൊഫ മാര്‍ട്ടിന്‍ ഫോര്‍സ്റ്റര്‍ പറഞ്ഞു. ഈ പുതിയ കോംപിനേഷന്‍ ഒസിമെര്‍ട്ടിനിബിനേക്കാള്‍ ദൈര്‍ഘ്യമേറിയ അര്‍ബുദ നിയന്ത്രണം കാണിക്കുന്നതായും അദ്ദേഹം പറഞ്ഞു.