തിരുവനന്തപുരം: കിഫ്ബി മസാല ബോണ്ട് വഴി വിദേശത്തുനിന്ന് പണം സമാഹരിച്ചതിൽ നിയമംഘനം നടന്നുവെന്ന് കണ്ടെത്തിയതിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന് ഇ.ഡിയുടെ നോട്ടീസ്.ഫെമ ചട്ടലംഘനം ആരോപിച്ചാണ് മുഖ്യമന്ത്രി, മുന്‍ ധനമന്ത്രി തോമസ് ഐസക്ക്, കിഫ്ബി സി.ഇ.ഒ കെ. എം എബ്രഹാം എന്നിവർക്ക് ഇ.ഡി നോട്ടീസ് നൽകിയത്. മൂന്ന് വര്‍ഷത്തിലേറെ നീണ്ട അന്വേഷണത്തിനൊടുവിലാണ് ഇഡി അഡ്ജുഡിക്കേറ്റിങ് അതോറിറ്റി മുന്‍പാകെ കംപ്ലെയിന്‍റ് സമര്‍പ്പിച്ചത്.
വർഷങ്ങൾ നീണ്ടു നിന്ന വിവാദങ്ങൾക്കും അന്വേഷണത്തിനുമൊടുവിലാണ് തദ്ദേശ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ മലാസ ബോണ്ട് വീണ്ടും വാർത്തകളിൽ നിറയുന്നത്.നേരിട്ടോ, പ്രതിനിധി വഴിയോ നോട്ടീസിന് മറുപടി നൽകണമെന്ന് ഇ.ഡി നിർദേശിച്ചു. ഇരുപക്ഷവും കേട്ട ശേഷമായിരിക്കും അഡ്ജുഡിക്കേറ്റിങ് അതോറിറ്റിയുടെ അന്തിമതീരുമാനം.2019ല്‍ 9.72 ശതമാനം പലിശയില്‍ ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ മസാലബോണ്ടിറക്കി 2150 കോടിയാണ് കിഫ്ബി സമാഹരിച്ചത്. 2019 ജനുവരി 17ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന കിഫ്ബി ബോർഡ് യോഗത്തിലാണ് മസാലബോണ്ടിറക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചത്. മസാലബോണ്ട് വഴി സമാഹരിച്ച പണം അടിസ്ഥാനസൗകര്യ പദ്ധതികള്‍ക്ക് വിനിയോഗിച്ചത് ചട്ടലംഘനമെന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍.
ചട്ടങ്ങൾ ലംഘിച്ചതായി ഇ.ഡി അന്വേഷണ സംഘം ഏതാനും മാസം മുമ്പ് ചെന്നൈയിലെ അഡ്ജ്യൂഡിക്കേറ്റിങ് അതോറിറ്റിക്ക് സമർപ്പിച്ചിരുന്നു. കിഫ്ബിയുടെ മസാല ബോണ്ട് ഇടപാടിൽ വിദേശ നിക്ഷേപം സ്വീകരിക്കുന്നതിനുള്ള ഫെമ ചട്ടങ്ങൾ ലംഘിച്ചുവെന്നായിരുന്നു ആരോപണം. ഇതുമായി ബന്ധപ്പെട്ട്, മുൻധനകാര്യമന്ത്രി തോമസ് ഐസക് ഉൾപ്പെടെയുള്ളവർക്ക് ഇ.ഡി നോട്ടീസ് നൽകിയിരുന്നു. ഇതിനെ ചോദ്യം ചെയ്തുകൊണ്ട് ഹൈകോടതിയെ സമീപിക്കുകയും ചെയ്തു. ഹരജി കോടതി തീർപ്പാക്കിയ സാഹചര്യത്തിലാണ് ഇ.ഡി തുടർ നടപടികളിലേക്ക് നീങ്ങുന്നത്.
അന്വേഷണത്തിന്‍റെ ഭാഗമായി കഴിഞ്ഞവര്‍ഷം തോമസ് ഐസക്കിന് രണ്ട് തവണ ഇ.ഡി സമന്‍സ് അയച്ചിരുന്നു. കിഫ്ബി ഹാജരാക്കിയ രേഖകളടക്കം പരിശോധിച്ചാണ് ചട്ടലംഘനം നടന്നുവെന്ന ഇഡിയുടെ കണ്ടെത്തിയത്.അതേസമയം, തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള നടപടിയെ നേരിടുന്നതിനായി മുഖ്യമന്ത്രിയും മുൻധനമന്ത്രിയും കോടതിയെ സമീപിക്കാനാണ് സാധ്യത. കിഫ്ബി ചെയർമാൻ എന്ന നിലയിലാണ് മുഖ്യമന്ത്രി മസാല ബോണ്ട് ഇടപാടിൽ അന്വേഷണ പരിധിയിൽ വരുന്നത്. കിഫ്ബി സി.ഇ.ഒക്കും ശനിയാഴ്ച നോട്ടീസ് നൽകിയിട്ടുണ്ട്.

