അഫ്ഗാൻ പാസ്‌പോർട്ട് ഉപയോഗിച്ച് യാത്ര ചെയ്യുന്ന എല്ലാവർക്കും വിസ നൽകുന്നത് അമേരിക്ക താൽക്കാലികമായി നിർത്തിവെച്ചതായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. “അഫ്ഗാൻ പാസ്‌പോർട്ട് കൈവശം വച്ചുള്ള യാത്രക്കാർക്ക് വിസ അനുവദിക്കൽ ഉടൻ നിർത്തിവെയ്ക്കുന്നുവെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് എക്സിൽ കുറിച്ചു. അമേരിക്കയുടെ ദേശീയ സുരക്ഷയും പൊതുസുരക്ഷയും ഉറപ്പാക്കുന്നതിനായുള്ള എല്ലാ നടപടികളും സ്വീകരിച്ചുകൊണ്ടിരിക്കുകയാണെന്നും സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു.
യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും ഈ തീരുമാനം സ്ഥിരീകരിച്ചു. രാജ്യത്തിന്റെ സുരക്ഷയാണ് അമേരിക്കയുടെ ഏറ്റവും വലിയ മുൻഗണനയെന്നും അദ്ദേഹം എക്സിൽ കുറിച്ചു. വൈറ്റ് ഹൗസിന് സമീപം ഒരു അഫ്ഗാൻ സ്വദേശി നടത്തിയ വെടിവെപ്പിൽ നാഷണൽ ഗാർഡ് അംഗം വെടിയേറ്റ് മരിച്ചിരുന്നു. ഇതേ തുടർന്നാണ് ഈ തീരുമാനം വന്നത്. മരിച്ച സാറാ ബെക്സ്ട്രോം (20)യും സഹപ്രവർത്തകൻ ആൻഡ്രു വോൾഫ് (24)യും നവംബർ 26-ന് വൈറ്റ് ഹൗസിൽ നിന്ന് കുറച്ചു ദൂരെയായിട്ടുള്ള സ്ഥലത്ത് പട്രോളിംഗ് നടത്തുന്നതിനിടെ വെടിയേറ്റതാണ്. സംഭവസമയത്ത് ട്രംപ് വൈറ്റ് ഹൗസിൽ ഉണ്ടായിരുന്നില്ല.
വെടിവച്ചയാൾ രഹ്മാനുള്ള ലക്കൻവാൽ എന്ന അഫ്ഗാൻ പൗരനായി തിരിച്ചറിഞ്ഞു. 2021-ലാണ് അദ്ദേഹം യു.എസ്. എത്തിയത്. അഫ്ഗാനിസ്ഥാനിലെ യുദ്ധകാലത്ത് അമേരിക്കയ്ക്ക് സഹായം ചെയ്തവരെ പുനരധിവസിപ്പിക്കാൻ ബൈഡൻ ഭരണകൂടം ആരംഭിച്ച പദ്ധതിയിലൂടെയാണ് അദ്ദേഹത്തിന്റെ പ്രവേശനം. ട്രംപ് ഭരണകാലത്ത് ലക്കൻവാലിന് അഭയം അനുവദിച്ചിരുന്നു. അന്വേഷണ റിപ്പോർട്ടുകൾ പ്രകാരം, ഒരു റിവോൾവർ ഉപയോഗിച്ച് രണ്ടുപേരെ വെടിവച്ച ശേഷം മറ്റ് സൈനികരുമായി നടന്ന ഏറ്റുമുട്ടലിൽ അദ്ദേഹം പരിക്കേറ്റ് വീണ് പിടിയിലായി.
അതേസമയം, വെടിവയ്പിന് പിന്നാലെ, മൂന്നാം ലോക രാജ്യങ്ങളിൽ നിന്ന് വരുന്ന കുടിയേറ്റം സ്ഥിരമായി നിർത്തിവെക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചു. മുൻ പ്രസിഡന്റ് ജോ ബൈഡന്റെ കാലത്ത് നടന്ന “അനധികൃത പ്രവേശനങ്ങൾ” അവസാനിപ്പിക്കുമെന്നും, പൗരത്വമില്ലാത്തവർക്ക് ഫെഡറൽ ആനുകൂല്യങ്ങളും അവസാനിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. സുരക്ഷാ ഭീഷണിയായി കണക്കാക്കപ്പെടുന്ന വിദേശ പൗരന്മാരെ നാടുകടത്തും, രാജ്യത്തിന്റെ സമാധാനം തകർക്കുന്ന കുടിയേറ്റക്കാരുടെ പൗരത്വം പോലും റദ്ദാക്കുമെന്നുമാണ് ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്.

