Friday, December 5, 2025
HomeNewsഹൈകമാൻഡിനെ അനുസരിച്ചേ പോകു; കോൺഗ്രസിന് കർണാടകയിൽ തുടർഭരണമെന്നും ഡി.കെ ശിവകുമാർ

ഹൈകമാൻഡിനെ അനുസരിച്ചേ പോകു; കോൺഗ്രസിന് കർണാടകയിൽ തുടർഭരണമെന്നും ഡി.കെ ശിവകുമാർ

ബെംഗളുരു: നേതൃമാറ്റമടക്കം വിഷയങ്ങളിൽ ഹൈകമാൻഡിന്റെ തീരുമാനത്തെ അനുസരിക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. എല്ലാക്കാലവും പാർട്ടിയുടെ അച്ചടക്കമുള്ള പടയാളിയായിരുന്നു. താൻ പാർട്ടി പ്രവർത്തകനാണെന്നും ഡി.കെ എക്സിൽ കുറിച്ചു.മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വസതിയിൽ ​പ്രഭാത ഭക്ഷണം കഴിക്കുന്ന ചിത്രങ്ങൾ പങ്കിട്ടുകൊണ്ടായിരുന്നു ഡി.കെയുടെ സമൂഹമാധ്യമത്തിലെ കുറിപ്പ്. സിദ്ധരാമയ്യയെ തിരിച്ചും ക്ഷണിച്ചിട്ടുണ്ട്, വരും ദിവസം തന്റെ വസതിയിലേക്ക് അദ്ദേഹം ഭക്ഷണം കഴിക്കാൻ വരുമെന്നും ഡി.കെ കുറിച്ചു. ഒരുമിച്ച് പ്രവർത്തിച്ചവരാണ് തങ്ങൾ ഇരുവരും. സംസ്ഥാനത്തെ പ്രവർത്തകർ തങ്ങളെ പിന്തുണച്ചു. കർണാടകയിലെ ജനങ്ങൾ വമ്പിച്ച ജയം നൽകി അനുഗ്രഹിച്ചു. അവർക്ക് നൽകിയ വാഗ്ദാനങ്ങൾ എല്ലാം പാലിക്കുക എന്നത് തങ്ങളുടെ ഉത്തരവാദിത്വമാണെന്നും ഡി.കെ പറഞ്ഞു.

ജനങ്ങളുടെ പിന്തുണക്ക് നന്ദി പറഞ്ഞ ഡി.കെ ശിവകുമാർ, സദ്ഭരണത്തിലൂന്നി സർക്കാർ മുന്നോട്ട് പോകുമെന്നും വ്യക്തമാക്കി. പ്രഭാതഭക്ഷണത്തിനിടെ 2028ൽ വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിലെയും ഡിസംബർ എട്ടിന് തുടങ്ങാനിരിക്കുന്ന നിയമസഭാ സമ്മേളനത്തിലെയും നീക്കങ്ങൾ ചർച്ചയായി. പ്രതിപക്ഷത്തെ പ്രതിരോധിക്കാനും കൃത്യമായി മറുപടി നൽകാനും സർക്കാർ സജ്ജമാണ്. നേതൃത്വം സംബന്ധിച്ച പ്രശ്നത്തിൽ പാർട്ടി ഹൈകമാൻഡിന്റെ തീരുമാനം അനുസരിക്കും. തങ്ങൾ എക്കാലവും പാർട്ടിയുടെ അച്ചടക്കമുള്ള പടയാളികളായിരുന്നു. തങ്ങൾ പാർട്ടിയുടെ പ്രവർത്തകരാണ്. 2028ലും കോൺഗ്രസ് സർക്കാർ ആവർത്തിക്കും, മല്ലികാർജുൻ ഖാർഗെയുടെയും രാഹുൽ ഗാന്ധിയുടെയും നേതൃത്വത്തിൽ മുന്നോട്ട് പോകും. ഇത് കർണാടകയിലെ ജനങ്ങളോടുള്ള തങ്ങളുടെ ഉത്തരവാദിത്വമാണെന്നും ഡി.കെ കുറിപ്പിൽ പറഞ്ഞു.

ശനിയാഴ്ച കർണാടക മുഖ്യമ​ന്ത്രി സിദ്ധരാമയ്യുടെ വസതിയിൽ പ്രാതലിന് ശേഷം മാധ്യമങ്ങളെ കണ്ട നേതാക്കൾ ഇരുവരും തങ്ങൾ ഒരുമിച്ച് മുന്നോട്ടുപോകുമെന്ന് വ്യക്തമാക്കിയിരുന്നു. ഏറെനാളായി കോൺഗ്രസ് ദേശീയ നേതൃത്വത്തിനടക്കം തലവേദനയായി തുടരുന്ന കർണാടകയിലെ അധികാര വടംവലിക്ക് താൽക്കാലിക ശമനമായാണ് നീക്കത്തെ നിരീക്ഷകർ വിലയിരുത്തുന്നത്. അതേസമയം തർക്ക പരിഹാര ഫോർമുല എന്തായിരുന്നുവെന്ന കാര്യം ഇതുവരെ വ്യക്തമായിട്ടില്ല.

പ്രകടമായ അധികാര വടംവലികൾ ഒന്നുമില്ലാതെ തന്നെ പടിപടിയായി ഡി.കെ ശിവകുമാറിനെ ഉയർന്ന പദവികളിൽ എത്തിക്കാൻ ധാരണയായി എന്നാണ് സൂചന. മുഖ്യമന്ത്രി പദത്തെച്ചൊല്ലി ഇടഞ്ഞുനിൽക്കുന്ന സിദ്ധരാമയ്യയെയും ഡി.കെ ശിവകുമാറിനെയും അനുനയിപ്പിക്കാനുള്ള ഹൈക്കമാന്‍റിന്റെ ശ്രമങ്ങളുടെ ഭാഗമായിരുന്നു പ്രാതൽ ചർച്ച.

2023ലെ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം രണ്ടര വർഷം വീതം മുഖ്യമന്ത്രി സ്ഥാനം വീതംവെക്കാമെന്ന് തീരുമാനിച്ചിരുന്നു എന്നാണ് ശിവകുമാർ പക്ഷത്തിന്‍റെ വാദം. ഇക്കാര്യം സ്ഥിരീകരിക്കാൻ നേതൃത്വം തയാറായിരുന്നില്ല. നിലവിൽ സിദ്ധരാമയ്യ രണ്ടര വർഷം പൂർത്തിയായ സാഹചര്യത്തിൽ മാറി തനിക്ക് മുഖ്യമന്ത്രി പദം നൽകണം എന്നാണ് ശിവകുമാർ ആവശ്യപ്പെട്ടിരുന്നത്.

ഇതിനിടെയാണ് ഡി.കെ ശിവകുമാറിനെ മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഭാത ഭക്ഷണത്തിന് ക്ഷണിച്ചത്. രാവിലെ ഒൻപതരയോടെ മുഖ്യമന്ത്രിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച.‘ നിലപാടിൽ മാറ്റമൊന്നുമില്ല, ഹൈക്കമാൻഡ് എന്ത് പറഞ്ഞാലുംഅനുസരിക്കും. പാർട്ടി ഹൈക്കമാൻഡ് എന്ത് പറഞ്ഞാലും അനുസരിക്കുമെന്ന് ഞങ്ങൾ രണ്ടുപേരും പറഞ്ഞിട്ടുണ്ട്,’ ഹൈക്കമാൻഡ് ആവശ്യപ്പെട്ടാൽ ഡൽഹിയിലേക്ക് പോകുമെന്നും സിദ്ധരാമയ്യ പറഞ്ഞു.

വിഷയത്തിൽ അന്തിമ തീരുമാനം ഹൈക്കമാൻഡിന്റേത് ആണെന്നും താനായാലും ശിവകുമാറായാലും ഹൈക്കമാന്‍റ് തീരുമാനം അംഗീകരിക്കുമെന്നും സിദ്ധരാമയ്യ പ്രതികരിച്ചു. മുഖ്യമന്ത്രി സ്ഥാനം വിട്ടുനൽകില്ലെന്ന നിലപാടിലായിരുന്നു സിദ്ധരാമയ്യ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments