കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഏകദേശം 14 ലക്ഷം എസ്‌ഐആർ ഫോമുകൾ അസാധുവാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഇത് വരെയുള്ള കണക്കുകൾ പ്രകാരമാണിത്. വോട്ടർമാർ ഹാജരാകാത്തവ കേസുകൾ, ഡ്യൂപ്ലിക്കേറ്റ്, മരിച്ചു പോയവർ, സ്ഥിരമായി സ്ഥലം മാറിയവർ എന്നിവരുടെ ഫോമുകളാണ് അസാധുവാക്കപ്പെട്ടിരിക്കുന്നത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച്ചത്തെ കണക്കുകൾ പ്രകാരം, തിങ്കളാഴ്ച വരെ ഇത് 10.33 ലക്ഷമായിരുന്നു. പിന്നീട് ചൊവ്വാഴ്ച്ച ഉച്ച സമയത്തേക്ക് ഇത് 13.92 ലക്ഷമായി ഉയരുകയായിരുന്നു. ഈ കണക്കുകൾ ഇനിയും കൂടുമെന്ന് പ്രതീക്ഷിക്കുന്നതായി തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
പശ്ചിമ ബംഗാളിൽ 80,600-ലധികം ബിഎൽഒമാർ, ഏകദേശം 8,000 സൂപ്പർവൈസർമാർ, 3,000 അസിസ്റ്റന്റ് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ, 294 ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ എന്നിവരാണ് രംഗത്ത് സജ്ജീവമായി ഉള്ളത്. പശ്ചിമ ബംഗാളിലെ എസ്ഐആർ ജോലി സമ്മർദവുമായി ബന്ധപ്പെട്ട് ഇത് വരെ 3 ബിഎൽഒമാർ ആണ് മരിച്ചത്.
അതേ സമയം, കേരളത്തിലെ എസ്ഐആറിനെതിരായ ഹര്‍ജി സുപ്രീം കോടതി ബുധനാഴ്ച പരിഗണിക്കുന്നതിന് മുന്നേ എന്യൂമറേഷൻ ഫോം സ്വീകരിക്കുന്നത് പൂര്‍ത്തിയാക്കാൻ തിടുക്കം കാട്ടുന്നില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍. ചൊവ്വാഴ്ചയോ ബുധനാഴ്ചയോ തീര്‍ക്കണമെന്ന് നിര്‍ബന്ധം പിടിക്കുന്നില്ല. ജില്ലകളിലെ സാഹചര്യം അനുസരിച്ച് ടാര്‍ജറ്റ് കളക്ടര്‍മാര്‍ തീരുമാനിക്കും. കണ്ടെത്താനാകാത്ത വോട്ടര്‍മാരുടെ എണ്ണം ഇനിയും കൂടുമെന്നും തിരുവനന്തപുരത്ത് ഫോം സ്വീകരിക്കാനുള്ള ക്യാമ്പുകൾ സന്ദര്‍ശിച്ച ശേഷം ഡോ. രത്തൻ യു ഖേൽക്കര്‍ പറഞ്ഞു.

