ന്യൂഡൽഹി: ഡൽഹിയിലെ രൂക്ഷമായ വായുമലിനീകരണത്തിനെതിരെ ഇന്ത്യാ ഗേറ്റിൽ ഡൽഹി സർവകലാശാല വിദ്യാർഥികൾ മുൻകൈയെടുത്ത് സംഘടിപ്പിച്ച സംഘടിപ്പിച്ച പ്രതിഷേധം മാവോയിസ്റ്റ് കേസിൽ കലാശിച്ചു. തൃശൂർ പാലപ്പിള്ളി എരങ്കടത്തിൽ ഹൗസിൽ അക്ഷയ്, മലപ്പുറം പരപ്പനങ്ങാടി ചേങ്ങാട്ട് ഹൗസിൽ സമീർ ഫായിസ്, കാസർകോട് പരവനടുക്കം കളത്തിൽ ഹൗസിൽ വാഫിയ എന്നീ മലയാളികൾ അടക്കം 22 പേരെയാണ് ഗുരുതരമായ വകുപ്പുകൾ ചുമത്തി റിമാൻഡ് ചെയ്ത് ജയിലിലടച്ചത്.
പൊലീസ് കസ്റ്റഡിയിൽ ക്രൂര പീഡനങ്ങൾക്കിരയായതായും കോടതി മുറിയിലും പൊലീസ് പീഡനം തുടർന്നതായും വിദ്യാർഥികളുടെ അഭിഭാഷകർ ബോധിപ്പിച്ചതിന് തുടർന്ന് കസ്റ്റഡിയിൽ വിടണമെന്ന ഡൽഹി പൊലീസിന്റെ ആവശ്യം പട്യാല ഹൗസ് കോടതി തള്ളി.ഡൽഹിയിലെ രൂക്ഷമായ വായു മലിനീകരണത്തിനെതിരെ ഇടത് വിദ്യാർഥികൾ നടത്തിയ സംയുക്ത സമരമാണ് മാവോവാദി കേസിൽ കലാശിച്ചത്. ജെ.എൻ.യുവിലെയും ഡൽഹി സർവകലാശാലയിലെയും വിദ്യാർഥികളാണ് പ്രതിഷേധത്തിൽ കൂടുതലായും പങ്കെടുത്തത്. ആന്ധ്രാപ്രദേശിൽ ഈ മാസമാദ്യം കൊല്ലപ്പെട്ട മാവോവാദി മാദ്‍വി ഹിദ്‍മയുടെ ചിത്രം വരച്ച പ്ലക്കാർഡും മാവോയിസ്റ്റുകളുടെ മുദ്രാവാക്യങ്ങളും ഇന്ത്യാഗേറ്റിൽ ഉയർന്നത് ഡൽഹി പൊലീസ് കോടതിയിൽ ചൂണ്ടിക്കാട്ടി
ഡൽഹി പൊലീസിന്റെ അനുമതിയില്ലാത്ത പ്രതിഷേധക്കാരോട് പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ടപ്പോൾ സമരക്കാരിൽ ഒരാൾ പൊലീസ് ഉദ്യോഗസ്ഥരുടെ നേർക്ക് മുളക് സ്പ്രേ തളിച്ചു. തുടർന്ന് രണ്ട് വ്യത്യസ്ത എഫ്ഐആറുകൾ ഇട്ട് 22 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 16 പേരെ പാർലമെന്‍റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലും ആറു പേരെ കർത്തവ്യപഥ് പൊലീസ് സ്റ്റേഷനിലും കസ്റ്റഡിയിൽ വെച്ച ശേഷമാണ് കോടതിയിൽ ഹാജരാക്കിയത്.

