വാഷിംഗ്ടൺ: സ്വിറ്റ്‌സർലൻഡിലെ ജനീവയിൽ യുഎസ്, യുക്രൈൻ ഉദ്യോഗസ്ഥർ തമ്മിൽ തീവ്രമായ ചർച്ചകൾ നടന്നതിന് പിന്നാലെ പ്രതികരിച്ച് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. യുക്രൈനിലെ യുദ്ധം അവസാനിപ്പിക്കാനുള്ള പദ്ധതിയെക്കുറിച്ച് ചില നല്ല കാര്യങ്ങൾ സംഭവിക്കുന്നുണ്ടാകാം എന്ന് ട്രംപ് ഇന്ന് പറഞ്ഞു. “റഷ്യയും യുക്രൈനും തമ്മിലുള്ള സമാധാന ചർച്ചകളിൽ വലിയ പുരോഗതി നേടാൻ ശരിക്കും കഴിയുമോ?നിങ്ങൾ കാണുന്നത് വരെ വിശ്വസിക്കരുത്, പക്ഷേ ചില നല്ല കാര്യങ്ങൾ സംഭവിക്കുന്നുണ്ടാകാം,” ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച പോസ്റ്റിൽ ട്രംപ് കുറിച്ചു. ഒപ്പം, “ദൈവം അമേരിക്കയെ അനുഗ്രഹിക്കട്ടെ!” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംഘർഷം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് യുഎസിനോട് യുക്രൈൻ നേതൃത്വം ഒരു നന്ദിയും കാണിക്കുന്നില്ലെന്ന് വിമർശിച്ച് ട്രംപ് ട്രൂത്ത് സോഷ്യലിൽ ഒരു പോസ്റ്റ് ഇട്ടതിന് 24 മണിക്കൂറിനുള്ളിലാണ് ഈ അനുകൂല പരാമർശം. എങ്കിലും, ഞായറാഴ്ച ജനീവയിൽ നടന്ന തീവ്രമായ ചർച്ചകൾക്ക് ശേഷം, യുദ്ധം അവസാനിപ്പിക്കുന്നതിൽ പുരോഗതി നേടാൻ കഴിയുമെന്ന കാര്യത്തിൽ യുഎസ് ഉദ്യോഗസ്ഥർ കൂടുതൽ ശുഭാപ്തിവിശ്വാസം പ്രകടിപ്പിക്കുന്നതായി റിപ്പോർട്ടുകളുണ്ട്.

