ഒക്ടോബർ മാസത്തിലെ വാഹന വിൽപ്പനയിൽ ടൊയോട്ട ഇന്നോവ എം.പി.വിയെ പിന്നിലാക്കി ടൊയോട്ട ഹൈറൈഡർ എസ്.യു.വി ഒന്നാം സ്ഥാനത്തെത്തി. ഇന്നോവ മോഡലിൽ ക്രിസ്റ്റ, ഹൈക്രോസ് മോഡലുകളെ പിന്നിലാക്കിയാണ് ഹൈറൈഡർ മുന്നിലെത്തിയത്. 11,294 യൂനിറ്റ് വാഹനങ്ങളാണ് ഒക്ടോബറിൽ ഇന്നോവ ഇരു മോഡലുകളിലുമായി പുറത്തിറക്കിയത്. ഇതിനെ പിന്നിലാക്കി ഹൈറൈഡർ 11,555 യൂനിറ്റുകൾ നിരത്തുകളിൽ എത്തിച്ചു
ഹൈറൈഡർ എസ്.യു.വി പ്രതിമാസ വിൽപ്പനയിൽ റെക്കോർഡ് നേട്ടമാണ് 2025 ഒക്ടോബറിൽ സ്വന്തമാക്കിയത്. കഴിഞ്ഞ വർഷത്തെ ഒക്ടോബറിൽ 5,449 യൂനിറ്റുകൾ മാത്രം വിൽപ്പന നടത്തിയത്. ഇത് ഈ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 112% അധിക വളർച്ച കൈവരിക്കാൻ മോഡലിന് സാധിച്ചു. അതേസമയം ഇന്നോവ ക്രിസ്റ്റ, ഇന്നോവ ഹൈക്രോസ് മോഡലുകൾ ഒക്ടോബറിൽ 11,294 യൂനിറ്റുകൾ വിൽപ്പന നടത്തി. ടൊയോട്ട കിർലോസ്കർ മോട്ടോർസ് ഹൈറൈഡർ മോഡലിൽ ഒക്ടോബറിൽ മാത്രം മൊത്തം വിൽപ്പന നടത്തിയ 33,809 യൂനിറ്റുകളിൽ 34% ഇന്ത്യയിലാണ് വിറ്റത്.
ഒന്നിലധികം പവർട്രെയിൻ ഓപ്ഷനിലാണ് ഹൈറൈഡർ വിപണിയിൽ എത്തുന്നത്. പെട്രോളിൽ മൈൽഡ്-ഹൈബ്രിഡ്, സ്ട്രോങ്ങ്-ഹൈബ്രിഡ് എന്നിവയും ഒരു സി.എൻ.ജി ഓപ്ഷനും ലഭിക്കുന്നു. സ്ട്രോങ്ങ് ഹൈബ്രിഡ് വകഭേദത്തിൽ 1.5-ലിറ്റർ ടി.എൻ.ജി.എ യൂനിറ്റ്, 114 ബി.എച്ച്.പി കരുത്ത് പകരും. മൈൽഡ്-ഹൈബ്രിഡിലെ 1.5-ലിറ്റർ 102 ബി.എച്ച്.പി പവറും 137 എൻ.എം ടോർക്കും ഉത്പാദിപ്പിക്കും. ഈ എൻജിൻ 5 സ്പീഡ് മാനുവൽ, 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായി ജോടിയിണക്കിയിരിക്കുന്നു. ഫാക്ടറി ഫിറ്റിങ്ങിൽ എത്തുന്ന സി.എൻ.ജി കിറ്റ് വകഭേദം 87 ബി.എച്ച്.പി കരുത്തിൽ 121.5 എൻ.എം പീക് ടോർക് ഉത്പാദിപ്പിക്കും.

