Sunday, December 7, 2025
HomeAmericaഅമേരിക്കയും ട്രംപിനെയും വിശ്വാസം: നിക്ഷേപ തുക ഉയർത്തി സൗദി അറേബ്യ

അമേരിക്കയും ട്രംപിനെയും വിശ്വാസം: നിക്ഷേപ തുക ഉയർത്തി സൗദി അറേബ്യ

വാഷിങ്ടൺ: അമേരിക്കയിൽ ലക്ഷം കോടി ഡോളറി​ന്റെ നിക്ഷേപത്തിനൊരുങ്ങി സൗദി അറേബ്യ. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ വൈറ്റ് ഹൗസിൽ അ​മേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്. നേരത്തേ 60,000 കോടി ഡോളറി​ന്റ നിക്ഷേപമാണ് സൗദി വാഗ്ദാനം ചെയ്തിരുന്നത്. ഇതാണ് ഒരു ലക്ഷമായി വർധിപ്പിക്കുന്നത്.

ഇരു രാജ്യങ്ങളും തമ്മിലെ ബന്ധത്തിൽ മഹത്തായ അധ്യായമാണ് കൂടിക്കാഴ്ചയെന്ന് മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞു. അബ്രഹാം ഉടമ്പടിയിൽ ചേരുമോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, ഉടമ്പടിയുടെ ഭാഗമാകാൻ ആ​ഗ്രഹിക്കുന്നുവെന്നും അതോടൊപ്പം ഫലസ്തീൻ വിഷയത്തിൽ ദ്വിരാഷ്ട്ര പരിഹാരത്തിലേക്ക് വ്യക്തമായ പാതയുണ്ടെന്ന് ഉറപ്പുവേണമെന്നും അദ്ദേഹം പറഞ്ഞു.

ഇക്കാര്യത്തിൽ ട്രംപുമായി ആരോഗ്യകരമായ കൂടിക്കാഴ്ച നടത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇരുരാജ്യങ്ങളും തമ്മിലെ പ്രതിരോധ കരാറിനെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തു.

വൈറ്റ്​ ഹൗസിൽ സൈനിക ബഹുമതികളോടുകൂടിയുള്ള ഔപചാരികമായ വൻ വ​രവേൽപാണ്​ സൗദി രാജകുമാരന് നൽകിയത്​. എഫ്​-35 യുദ്ധ വിമാനങ്ങൾ വാങ്ങുന്നതുൾപ്പെടെ പ്രതിരോധ, വ്യാപാര, ഊർജ മേഖലകളുമായി ബന്ധപ്പെട്ട വൻകിട ഇടപാടുകളുണ്ടാവുമെന്ന്​ ഏറക്കുറെ ഉറപ്പായ ഈ ദ്വിദിന സന്ദർശനത്തെ ലോകം വളരെ പ്രാധാന്യപൂർവമാണ്​ ഉറ്റുനോക്കുന്നത്​​.

സൗദി, അമേരിക്കൻ പതാകകൾ നിറഞ്ഞ്​ പാറിക്കളിക്കുന്ന വൈറ്റ്​ ഹൗസി​ന്റെ സൗത്ത്​ ലോണിൽ കുതിര സേനയുൾപ്പെടെ എല്ലാ സൈനിക വിഭാഗങ്ങളും അണിനിരന്ന്​ പ്രൗഢ ഗംഭീരവും രാജകീയവുമായ സ്വീകരണം​ ഒരുക്കി​. വൈറ്റ്​ ഹൗസിന്റെ സൗത്ത്​ പോർട്ടിക്കോയുടെ ഗേറ്റിന്​ അരികെ സൗദി പാരമ്പര്യ വേഷമണിഞ്ഞ് കറുത്ത ഗൗണിൽ​ വന്നിറങ്ങിയ കിരീടാവകാശിയെ യു.എസ്​ പ്രസിഡന്റ്​ ഡോണൾഡ്​ ​ട്രംപ് ഹസ്​തദാനം ചെയ്​ത്​ ഊഷ്​മളമായി വരവേറ്റു. അതിനു​ ശേഷം വൈറ്റ്​ ഹൗസിന്​ ഉള്ളിലേക്ക്​ പോയ ഇരുവരും ഒട്ടും സമയം കളയാതെ നിശ്ചയിക്കപ്പെട്ട കാര്യപരിപാടികളിലേക്ക്​ നീങ്ങി.

സന്ദർശനത്തി​ന്റെ ആദ്യ ദിനമായ ചൊവ്വാഴ്​ച വൈറ്റ്​ ഹൗസ്​ കേന്ദ്രീകരിച്ചുള്ള പരിപാടികളാണ്​ നടക്കുന്നത്​. ഉച്ചയോടെ ഓവൽ ഓഫിസിൽ ഇരു നേതാക്കളും വിശദമായ കൂടിക്കാഴ്​ച നടത്തി. പ്രതിരോധ സഹകരണം, പ്രാദേശിക സ്ഥിരത, സമാധാന പ്രക്രിയ, ഗസ്സയെ സാധാരണ നിലയിലേക്ക്​ കൊണ്ടുവരൽ, സാമ്പത്തിക, സാങ്കേതിക ബന്ധങ്ങൾ (എ.ഐ, ആണവോർജം) എന്നിവ സംബന്ധിച്ച പ്രധാന ചർച്ചകളാണ്​ നടക്കുന്നത്​. ഉച്ചഭക്ഷണത്തിന്​ ശേഷം കാബിനറ്റ്​ റൂമിൽ യു.എസ്, സൗദി ഉന്നത ഉദ്യോഗസ്ഥരുമായുള്ള ഉന്നതതല ചർച്ചകൾ തുടരും.

ഉച്ചക്ക്​ ശേഷം വ്യാപാരം, സുരക്ഷ, സാങ്കേതികവിദ്യ എന്നീ വിഷയങ്ങളിൽ നിരവധി ഉഭയകക്ഷി കരാറുകൾ ഒപ്പുവെക്കും. 48 എഫ്-35 ഫൈറ്റർ ജെറ്റുകൾ സൗദി വാങ്ങുന്നത്​ സംബന്ധിച്ച കരാറും ഇതിൽ ഉൾപ്പെടും എന്ന്​ കരുതുന്നു. വൈകീട്ട് 6.30ഓടെ വൈറ്റ്​ ഹൗസിലെ ഈസ്റ്റ്​ റൂമിൽ കിരീടാവകാശിയോടുള്ള ആദരസൂചകമായി ട്രംപ്​ വിശിഷ്​ടമായ അത്താഴവിരുന്ന് ഒരുക്കും.

രണ്ടാം ദിനമായ ബുധനാഴ്ച സാമ്പത്തിക ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിലും യു.എസ് സെനറ്റിലെയും പ്രതിനിധിസഭയിലെയും നേതാക്കളുമായി ഇടപെടുന്നതിലും സന്ദർശന പരിപാടികൾ ശ്രദ്ധ കേന്ദ്രീകരിക്കും. ജോൺ എഫ്​. കെന്നഡി സന്റെറിൽ സൗദി-അമേരിക്കൻ നിക്ഷേപ സമ്മേളനം ഇരു നേതാക്കളുടെയും നേതൃത്വത്തിൽ നടക്കും. യു.എസിലെ എ.ഐ, സാങ്കേതിക വിദ്യ മേഖലകളിൽ ഒരു ലക്ഷം കോടി ഡോളറി​ന്റെ സൗദിയുടെ നിക്ഷേപ പദ്ധതികൾ ഈ സമ്മേളനത്തിൽ പ്രഖ്യാപിക്കും. തുടർന്ന്​ കാപ്പിറ്റോൾ ഹില്ലിൽ യു.എസ്​ കോൺഗ്രസ്​ അംഗങ്ങളുടെ യോഗത്തിൽ സംബന്ധിക്കും. തന്ത്രപരമായ പങ്കാളിത്തം, സുരക്ഷ ആശങ്കകൾ, പ്രാദേശിക നയം എന്നിവ ചർച്ചചെയ്യും. യു.എസ്​ എ.ഐ മേഖലയിലെ ഔദ്യോഗിക പ്രതിനിധികളും സാ​ങ്കേതിക വിദഗ്​ധരുമായുള്ള കൂടിക്കാഴ്​ചയാണ്​ അവസാന പരിപാടി.

2017ൽ വാഷിങ്​ടൺ ഡി.സിയിലേക്ക്​ നടത്തിയ ആദ്യ സന്ദർശനത്തിന്​ എട്ട് വർഷത്തിന് ശേഷമാണ് ഡോണൾഡ്​ ട്രംപ് യു.എസ് പ്രസിഡൻറായ ശേഷമുള്ള സൗദി കിരീടാവകാശിയുടെ രണ്ടാമത്തെ ഈ സന്ദർശനം. സന്ദർശനം ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളിൽ സുപ്രധാന വഴിത്തിരിവായിരിക്കുമെന്നാണ്​ പൊതുവായ വിലയിരുത്തൽ.

പ്രതിരോധ പങ്കാളിത്തം ശക്തിപ്പെടുത്താനും എഫ്-35 യുദ്ധവിമാനങ്ങളുടെയും മറ്റു നൂതന പ്രതിരോധ സംവിധാനങ്ങളുടെയും വിതരണം ഉൾപ്പെടെ പ്രാദേശിക സുരക്ഷയിൽ സഹകരണം വികസിപ്പിക്കുകയുമാണ്​ പ്രധാന ലക്ഷ്യം. ലോക്ക്ഹീഡ് മാർട്ടിൻ കമ്പനി വികസിപ്പിച്ച എഫ്-35 ഫൈറ്റർ ജെറ്റുകൾ സൗദിക്ക്​ നൽകുന്നത്​ ട്രംപ്​ ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്​.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments