അമേരിക്കൻ സെനറ്റ് ചൊവ്വാഴ്ച വൈകുന്നേരം പ്രതിനിധി സഭ പാസാക്കിയ ജെഫ്രി എപ്സ്റ്റീൻ ഫയലുകൾ പുറത്തുവിടുന്ന ബിൽ മാറ്റമൊന്നും ഉണ്ടാക്കാതെ ഏകകണ്ഠമായി അംഗീകരിച്ചു. ബിൽ ഇപ്പോൾ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഒപ്പിനായി അയക്കും. പ്രതിപക്ഷ നേതാവ് ചക്ക് ഷുമർ ബിൽ സഭയിൽ എത്തിയ ഉടൻ തന്നെ പാസാക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ ആരും എതിർത്തില്ല.ഹൗസ് സ്പീക്കർ മൈക്ക് ജോൺസൺ സെനറ്റ് തിരുത്തലുകൾ ഒന്നും കൂടാതെ ബിൽ പാസാക്കിയതിൽ “നിരാശ” പ്രകടിപ്പിച്ചു. ട്രംപ് ബിൽ തന്റെ മേശയിലെത്തുമ്പോൾ ഒപ്പിടുമെന്നു നേരത്തെ അറിയിച്ചു. ക്യാപിറ്റൽ ഹില്ലിൽ, ബിൽ പാസായ വിവരം അറിഞ്ഞപ്പോൾ ഡെമോക്രാറ്റ് അംഗങ്ങളും എപ്സ്റ്റീൻ കേസിലെ രക്ഷപ്പെട്ടവരും ആശ്വാസത്തോടെ കൈയടിച്ചു.
ബിൽ പ്രകാരം അറ്റോര്‍ണി ജനറൽ പാം ബോണ്ടി 30 ദിവസത്തിനുള്ളിൽ എപ്സ്റ്റീൻ കേസുമായി ബന്ധപ്പെട്ട രേഖകൾ പുറത്തുവിടണം. എന്നാൽ ഇരകളുടെ പേരുകളും കുട്ടികളുമായി ബന്ധപ്പെട്ട അശ്ലീല ഉള്ളടക്കവും പുറത്തുവിടില്ല. ഒന്നിലധികം ഉയർന്ന തലത്തിലുള്ള വ്യക്തികളെപ്പറ്റിയുള്ള ഫെഡറൽ രേഖകളും പുറത്തുവരാൻ സാധ്യതയുണ്ട്. എന്നാല്‍ തുടരുന്ന അന്വേഷണങ്ങളുമായി ബന്ധപ്പെട്ട രേഖകള്‍ പരസ്യമാക്കില്ലെന്നാണു സൂചന. ഹൗസില്‍ 427-1 വോട്ടിനു പാസായ ബില്‍ മാറ്റം ചെയ്യേണ്ടതില്ലെന്നു റിപ്പബ്ലിക്കൻ സെനറ്റർമാർ വ്യക്തമാക്കി.അതേസമയം, പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീന് ട്രംപ് അടക്കം ഉന്നതരുമായി ബന്ധമുണ്ടായിരുന്നുവെന്നും ഫയലുകൾ മറച്ചുവയ്ക്കാൻ ട്രംപ് ശ്രമിച്ചെന്നുമാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം. എന്നാൽ, എപ്സ്റ്റീൻ കേസിൽ മറച്ചുവയ്ക്കാൻ ഒന്നുമില്ലെന്നാണ് ട്രംപിന്‍റെ നിലപാട്.അമേരിക്കയിലെ ശത കോടീശ്വരന്മാർക്കായി വിരുന്നുകൾ സംഘടിപ്പിച്ചിരുന്ന വിവാദ വ്യവസായിയായിരുന്നു ജെഫ്രി എപ്സ്റ്റീൻ.പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചതിനും ലൈംഗിക തൊഴിലിന് പ്രേരിപ്പിച്ചതിനും തടവിലടയ്ക്കപ്പെട്ട പ്രതിയായ ഇയാൾ 14 വയസ്സുള്ള പെൺകുട്ടികളെ വരെ ഇയാൾ ലൈംഗികമായി പീഡിപ്പിച്ചതായി കുറ്റപത്രത്തിലുണ്ട്. 2019 ജൂലൈ 24 ന്, എപ്‌സ്റ്റീനെ ജയിലിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മുൻപ് ജെഫ്രി എപ്‌സ്റ്റീൻ സംഘടിപ്പിച്ച വിരുന്നുകളിലടക്കം ട്രംപ് പങ്കെടുത്തിരുന്നു. ഇതേത്തുടർന്നാണ് ട്രംപ്-എപ്‌സ്റ്റീൻ ബന്ധം ആയുധമാക്കി ഡെമോക്രാറ്റിക് പാർട്ടി രംഗത്തുവരികയും കേസിന്‍റെ ഫയലുകൾ പുറത്തുവിടാൻ ആവശ്യപ്പെടുകയും ചെയ്തത്. ഫയലുകൾ പുറത്തെത്താതിരിക്കാൻ ട്രംപ് ശ്രമിച്ചെന്ന് ആരോപണമുയർന്നിരുന്നു.
എന്നാൽ, ഒടുവിൽ ഫയലുകൾ പുറത്തുവിടണമെന്ന ആവശ്യത്തിന് അനുകൂലമായി വോട്ട് ചെയ്യാൻ റിപ്പബ്ലിക്കൻ അംഗങ്ങളോട് ട്രംപ് തന്നെ ആഹ്വാനം ചെയ്യുകയായിരുന്നു. മറച്ചുവയ്ക്കാനൊന്നുമില്ലെന്നും റിപ്പബ്ലിക്കൻ പാർട്ടിയുടെ വിജയത്തിന്റെ ശ്രദ്ധ മാറ്റാനുള്ള ഡെമോക്രാറ്റുകളുടെ തട്ടിപ്പാണ് ആരോപണമെന്നുമാണ് ട്രംപിന്‍റെ നിലപാട്. തന്‍റെ പേര് പരാമർശിച്ചുകൊണ്ട് എപ്സ്റ്റീൻ കൂട്ടുപ്രതിക്ക് അയച്ച മെയിലുകളാണ് ട്രംപിന് കുരുക്കാകുന്നത്. എന്നാൽ, എപ്സ്റ്റീന് അമേരിക്കയിലെ ഉന്നതരുമായി ബന്ധമുണ്ടെന്നത് സ്ഥിരീകരിക്കാൻ കേസിന്‍റെ ഫയലുകൾ പുറത്തുവരുന്നത് വരെ കാത്തിരിക്കണം.

