വാഷിംഗ്ട്ടൻ : ആഗോളതലത്തിൽ ചൈന നൽകിയ വായ്‌പയുടെ ഏറ്റവും വലിയ ഉപഭോക്താവ് യുഎസാണെന്ന് പഠന റിപ്പോർട്ട്. 2000-2023 കാലത്ത് 2.2 ലക്ഷംകോടി ഡോളറിൻ്റെ വായ്‌പ ലോകമാകമാനം ചൈന നൽകിയപ്പോൾ ഇതിൽ 20,000 കോടി ഡോളറിലേറെ (18 ലക്ഷം കോടിയോളം രൂപ) വായ്‌പ യുഎസിനാണ് നൽകിയിരിക്കുന്നത്.
യുഎസിലെ വില്യം ആൻഡ് മേരി സർവകലാശാലയിലെ ഗവേഷണ ലാബായ എയ്‌ഡ്‌ഡേറ്റ ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ ഇത് 2500-ഓളം പദ്ധതികൾക്കായി വിവിധസ്ഥാപനങ്ങളെടുത്ത വായ്പയാണ് എന്നാണ് പറയുന്നത്. ടെക്സസിലെയും ലൂയിസിയാനയിലെയും എൽഎൻജി പദ്ധതികൾ, വിവിധ വിമാനത്താവളങ്ങളുടെ വികസനം തുടങ്ങിയവയ്ക്കെല്ലാം ചൈനീസ് സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ബാങ്കുകളും സ്ഥാപനങ്ങളും വായ്‌പ നൽകിയെന്നതാണ് പറയുന്നത്.

