വാഷിങ്ടൻ : യുഎസ് സന്ദർശനത്തിനെത്തിയ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനെ വൈറ്റ്ഹൗസിൽ സ്വീകരിച്ച് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സൈനിക ഗാർഡ് ഓഫ് ഓണർ, പീരങ്കി സല്യൂട്ട്, യുഎസ് യുദ്ധവിമാനങ്ങളുടെ ആകാശപ്രകടനം എന്നിവയോടെയാണ് മുഹമ്മദ് ബിൻ സൽമാന് വരവേൽപ് നൽകിയത്. ഏഴു വർഷത്തിനു ശേഷമാണ് സൗദി കിരീടാവകാശിയുടെ യുഎസ് സന്ദർശനം.
വാഷിങ്ടൻ പോസ്റ്റ് കോളമിസ്റ്റും സൗദി വിമതനുമായിരുന്ന ജമാൽ ഖഷോഗി 2018ൽ കൊലപ്പെട്ട സംഭവം സൃഷ്ടിച്ച കോളിളക്കത്തിൽ യുഎസ്–സൗദി ബന്ധം ഉലഞ്ഞശേഷം ഇതാദ്യമാണ് മുഹമ്മദ് ബിൻ സൽമാൻ വൈറ്റ്ഹൗസിലെത്തുന്നത്. ഖഷോഗിയുടെ കൊലപാതകത്തിൽ മുഹമ്മദ് ബിൻ സൽമാനു പങ്കുണ്ടെന്ന് ആരോപണമുയർന്നിരുന്നു.
പ്രതിരോധം, ഊർജം, ആർട്ടിഫിഷൽ ഇന്റലിജൻസ് തുടങ്ങിയ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്താൻ ഇരുരാജ്യങ്ങളും ധാരണയായി. സൗദിയുടെ യുഎസിലെ നിക്ഷേപം 4 ലക്ഷം കോടി ഡോളർ (ഒരു ട്രില്യൻ ഡോളർ) ആയി ഉയർത്തുമെന്ന് മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞു. 60,000 കോടി ഡോളർ യുഎസിലെ വിവിധ പദ്ധതികളിൽ നിക്ഷേപിക്കുമെന്നു മുഹമ്മദ് ബിൻ സൽമാൻ നേരത്തെ അറിയിച്ചിരുന്നു.

