ശബരിമല: മണ്ഡലകാല തീർഥാടനത്തിനായി ശബരിമലയിൽ നട തുറന്നു. ശരണം വിളികളുമായി അയ്യപ്പസ്വാമിയുടെ അനുഗ്രഹം തേടിയെത്തിയ ആയിരങ്ങൾ പതിനെട്ടാം പടിക്ക് താഴെ കാത്തുനിൽക്കെ ഞായറാഴ്ച വൈകുന്നേരം അഞ്ചോടെയാണ് ശ്രീകോവിൽ നട തുറന്നത്.
തന്ത്രി മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുണ്‍കുമാര്‍ നമ്പൂതിരി നട തുറന്ന് ദീപം തെളിച്ച് അയ്യപ്പനെ യോഗനിദ്രയിൽ നിന്ന് ഉണർത്തി. ഈ സമയം ഇരുമുടിക്കെട്ടുമായി മലകയറിയെത്തിയ പുതിയ മേൽശാന്തിമാരായ പ്രസാദ് നമ്പൂതിരിയും മനു നമ്പൂതിരിയും പതിനെട്ടാംപടിക്ക് താഴെ കാത്തുനിന്നു. ശ്രീകോവിൽ നട തുറന്നശേഷം മേൽശാന്തി അരുണ്‍കുമാര്‍ നമ്പൂതിരി കീഴ്ശാന്തിമാർക്കൊപ്പം പതിനെട്ടാംപടി ഇറങ്ങി വന്ന് മണ്ഡല-മകരവിളക്ക്, തീർഥാടനകാലം മുഴുവൻ ജ്വലിച്ചു നിൽക്കുന്ന ആഴിയിൽ അഗ്നി പകർന്നു.
ഇതിനു ശേഷം പുതിയ മേൽശാന്തിമാരെ കൈപിടിച്ച് പതിനെട്ടാംപടി ചവുട്ടിച്ച് സോപാനത്തേക്ക് ആനയിച്ചു. ആറു മണിയോടെ ആദ്യം സന്നിധാനത്തും പിന്നാലെ മാളികപ്പുറത്തും പുതിയ മേൽശാന്തിമാരുടെ അവരോധിക്കൽ ചടങ്ങ് നടന്നു. പുതിയ ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ. ജയകുമാർ, എ.ഡി.ജി.പി എസ്.ശ്രീജിത്ത് എന്നിവർ സന്നിധാനത്ത് എത്തിയിരുന്നു.ഞായറാഴ്ച മറ്റ് പൂജകള്‍ ഇല്ലായിരുന്നു.
തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നിന് വൃശ്ചിക പുലരിയില്‍ പുതിയ മേല്‍ശാന്തിമാര്‍ ശബരിമല, മാളികപ്പുറം നടകള്‍ തുറക്കുന്നതോടെ 41 നാൾ നീളുന്ന മണ്ഡലകാല തീര്‍ഥാടനം തുടങ്ങും. ദിവസവും പുലർച്ച മൂന്നുമുതല്‍ ഉച്ചക്ക് ഒരു മണിവരെയും ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ രാത്രി 11 വരെയുമാണ് ദര്‍ശനം.
ഒരുദിവസം 70,000 പേരെയാണ് വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്ത് ദർശനത്തിന് അനുവദിക്കുന്നത്.സ്പോട്ട് ബുക്കിങ്ങിലൂടെ 20000 പേർക്കും ദർശനം നടത്താം. ഡിസംബർ രണ്ടു വരെയുളള വെർച്വൽ ക്യൂ ബുക്കിങ് പൂർത്തിയായി. പമ്പ, നിലയ്ക്കല്‍, വണ്ടിപ്പെരിയാര്‍, ചെങ്ങന്നൂര്‍, എരുമേലി എന്നിവിടങ്ങളിലാണ് സ്‌പോട്ട് ബുക്കിങ് കേന്ദ്രങ്ങൾ.
മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തിന്റെ ആദ്യ ദിനത്തില്‍ ശബരിമലയില്‍ കനത്ത തിരക്കാണ് അനുഭവപ്പെടുന്നത് . ഭക്തര്‍ മണിക്കൂറുകളോളമാണ് വരി നില്‍ക്കുന്നത്. നിയന്ത്രണ വേലികള്‍ പോലും ചാടികടന്ന് ആളുകള്‍ പോകുന്നു. 7 മണിക്കൂർ വരെ നേരം വരിനില്‍ക്കുന്നവര്‍ ഉണ്ട്.
ഇക്കൊല്ലത്തെ മുന്നൊരുക്കങ്ങള്‍ പൂര്‍ണമാണെന്ന് ദേവസ്വവും സര്‍ക്കാരും പറഞ്ഞിരുന്നെങ്കിലും പതിവുപോലെ അവസാന നിമിഷമുള്ള ഓട്ടപ്പാച്ചിലിന് മാറ്റമൊന്നുമുണ്ടായില്ല. ഒരുക്കങ്ങള്‍ അവലോകനംചെയ്യുന്ന യോഗങ്ങള്‍ മുന്‍വര്‍ഷത്തേതിനു സമാനമായ ഗൗരവത്തില്‍ നടന്നില്ലെന്ന് സര്‍ക്കാര്‍ ജീവനക്കാര്‍ വരെ സമ്മതിക്കുന്നു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ എല്ലാ വര്‍ഷവും നടത്തുന്ന യോഗവും ഇത്തവണയുണ്ടായില്ല. പമ്പയില്‍ ഒരു യോഗംപോലും വിളിച്ചില്ല എന്നും ശ്രദ്ധിക്കേണ്ടതാണ്.

