പട്ന: ജെഡിയു നേതാവ് നിതീഷ് കുമാർ മുഖ്യമന്ത്രിയായി തുടരുമെങ്കിലും, പുതിയ ബിഹാർ സർക്കാരിൽ ബിജെപിയ്ക്ക് കൂടുതൽ പ്രാതിനിധ്യം ലഭിക്കാൻ സാധ്യതയെന്ന് സൂചന. മന്ത്രിസഭാ രൂപവത്കരണവുമായി ബന്ധപ്പെട്ട വൃത്തങ്ങളാണ് ഞായറാഴ്ച ഇക്കാര്യം വ്യക്തമാക്കിയത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ ചേർന്ന എൻഡിഎ യോഗത്തിൽ ഉണ്ടായ അന്തിമധാരണ പ്രകാരം 15 മുതൽ 16 വരെ മന്ത്രിമാർ ബിജെപിയിൽ നിന്നാകാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. ജെഡിയുവിൽ നിന്ന് 14 മന്ത്രിമാരുണ്ടാകും.
പത്താം തവണ മുഖ്യമന്ത്രിയാകുന്ന നിതീഷിന്റെ സത്യപ്രതിജ്ഞാച്ചടങ്ങ് മെഗാ പരിപാടിയാക്കാനാണ് തീരുമാനം. പ്രൗഢഗംഭീര ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. പ്രധാനമന്ത്രിയ്ക്ക് സൗകര്യപ്രദമാകുന്ന ദിവസമായിരിക്കും ബിഹാറിന്റെ പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ. സത്യപ്രതിജ്ഞാച്ചടങ്ങിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ജയ്‌സ്വാള്‍ പറഞ്ഞു. പുതിയതായി തിരഞ്ഞെടുക്കപ്പെട്ട നിയമസഭാംഗങ്ങളുടെ പട്ടിക ദേശീയ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഗവര്‍ണര്‍ക്ക് ഞായറാഴ്ച വൈകുന്നേരം കൈമാറും.
നവംബർ 6, 11 തീയതികളിൽ രണ്ട് ഘട്ടങ്ങളിലായി നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി 89 സീറ്റുകളും ജെഡിയു 85 സീറ്റുകളും നേടി.19 സീറ്റുകൾ നേടിയ എൻഡിഎ ഘടകകക്ഷിയായ ലോക് ജൻ ശക്തിക്ക് (രാം വിലാസ്) മൂന്ന് കാബിനറ്റ് സ്ഥാനങ്ങൾ ലഭിച്ചേക്കാം. അഞ്ച് സീറ്റുകൾ നേടിയ ജിതൻ റാം മാഞ്ജിയുടെ ഹിന്ദുസ്ഥാനി അവാം മോർച്ചയ്ക്കും (സെക്കുലർ), നാല് സീറ്റുകൾ നേടിയ ഉപേന്ദ്ര കുശ് വാഹയുടെ രാഷ്ട്രീയ ലോക് മോർച്ചയ്ക്കും ഓരോ മന്ത്രിസ്ഥാനം വീതം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ആറ് എംഎൽഎമാർക്ക് ഒരു മന്ത്രിസ്ഥാനം എന്ന ഫോർമുലയും തീരുമാനിച്ചിട്ടുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു. സത്യപ്രതിജ്ഞാ ചടങ്ങ് നവംബർ 19-നോ 20-നോ നടക്കാൻ സാധ്യതയുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
വെള്ളിയാഴ്ച ഫലം പ്രഖ്യാപിച്ച ബിഹാർ തിരഞ്ഞെടുപ്പിൽ 202 സീറ്റുകളാണ് എൻഡിഎ തൂത്തുവാരിയത്. ഏകദേശം 95 ശതമാനം സ്ട്രൈക്ക് റേറ്റുമായി ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറി. ആർജെഡി, കോൺഗ്രസ്, മൂന്ന് ഇടതുപാർട്ടികൾ എന്നിവരടങ്ങുന്ന മഹാസഖ്യം 35 സീറ്റ് കടക്കാൻ പാടുപെട്ടു. 238 സീറ്റുകളിൽ മത്സരിച്ചിട്ടും മുൻ തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടിക്ക് (ജെഎസ്പി) അക്കൗണ്ട് തുറക്കാനായില്ല. ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇत्तेഹാദുൽ മുസ്‌ലിമീൻ (എഐഎംഐഎം) അഞ്ച് സീറ്റുകൾ നേടി.

