ശ്രീനഗര്‍: ഡല്‍ഹി സ്‌ഫോടനവുമായി ബന്ധപ്പെട്ട് ജമ്മു കശ്മീരില്‍ നടക്കുന്ന പരിശോധനയുടെ ഭാഗമായി പിടിച്ചെടുത്ത സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് 8 ഉദ്യോഗസ്ഥര്‍ക്ക് ഗുരുതരമായി പരുക്ക്. ‘വൈറ്റ് കോളര്‍’ തീവ്രവാദ സംഘവുമായി ബന്ധപ്പെട്ട കേസില്‍ ഫരീദാബാദില്‍ നിന്ന് പിടിച്ചെടുത്ത സ്ഫോടകവസ്തുക്കളുടെ സാംപിള്‍ എടുക്കുന്നതിനിടെ ജമ്മു കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷന്‍ പരിസരത്താണ് സ്‌ഫോടനമുണ്ടായത്. വെള്ളിയാഴ്ച രാത്രിയോടെ ഉഗ്രശബ്ദത്തോടെ സ്‌ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. പരുക്കേറ്റവരെ സമീപത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇതില്‍ 3 പേരുടെ നില അതീവഗുരുതരമാണ്.
വൈറ്റ് കോളര്‍ ടെറര്‍ മൊഡ്യൂളിലെ അംഗമായ ഡോ. മുസമ്മില്‍ ഷക്കീല്‍ ഗനായിയുടെ ഫരീദാബാദിലെ വാടക വീട്ടില്‍ നിന്ന് പിടിച്ചെടുത്ത 360 കിലോഗ്രാം സ്ഫോടകവസ്തുക്കളാണ് പൊലീസ് സ്റ്റേഷനിലെത്തിച്ചത്.
നൗഗാം പ്രദേശത്ത് സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചു. പ്രദേശം അതീവജാഗ്രതയിലാണ്. സ്‌ഫോടനത്തില്‍ സമീപത്തെ കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഉന്നത ഉദ്യേഗസ്ഥര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.

