ന്യൂഡല്‍ഹി : തിങ്കളാഴ്ച ചെങ്കോട്ടയ്ക്ക് സമീപം നടന്ന സ്‌ഫോടനത്തിന് പിന്നിലുണ്ടായിരുന്ന ഭീകരനുമായി ബന്ധപ്പെട്ടിരുന്ന രണ്ട് വിദേശ ഭീകരരെക്കുറിച്ചുള്ള ചില സൂചനകള്‍ അന്വേഷണ സംഘം കണ്ടെത്തിയതായി റിപ്പോര്‍ട്ട്. സ്‌ഫോടനം നടന്ന കാര്‍ ഓടിച്ചിരുന്ന ഡോ. ഉമര്‍ ഉന്‍-നബി എന്നറിയപ്പെടുന്ന ഡോ. ഉമര്‍ മുഹമ്മദുമായി വിദേശ ഭീകരര്‍ ബന്ധപ്പെട്ടിരിക്കാമെന്നാണ് സംശയം ഉയരുന്നത്. ഇയാളും സ്‌ഫോടനത്തില്‍ മരണപ്പെട്ടിരുന്നു. വാഹനത്തില്‍ നിന്ന് ശേഖരിച്ച സാമ്പിളുകളുമായി ഡിഎന്‍എ പരിശോധനയില്‍ മൃതദേഹങ്ങള്‍ ഒത്തുനോക്കിയതിനെത്തുടര്‍ന്ന് ഡ്രൈവര്‍ ഡോ. ഉമര്‍ ഉന്‍-നബി എന്നറിയപ്പെടുന്ന ഡോ. ഉമര്‍ മുഹമ്മദാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ തിരിച്ചറിഞ്ഞിരുന്നു.
പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ജെയ്ഷെ-ഇ-മുഹമ്മദുമായി ബന്ധമുള്ള ഭീകരര്‍, അറസ്റ്റിലായ ഉമര്‍ മുഹമ്മദിന്റെ കൂട്ടാളികളെ ബന്ധപ്പെട്ടിരുന്നതായും വിവരമുണ്ട്. ഡോ. ഉമറും കൂട്ടാളികളായ ഡോ. മുസമ്മില്‍ ഷക്കീലും ഡോ. ഷഹീന്‍ സയീദും സെഷന്‍, ടെലിഗ്രാം, സിഗ്‌നല്‍ തുടങ്ങിയ എന്‍ക്രിപ്റ്റ് ചെയ്ത മെസേജിംഗ് പ്ലാറ്റ്ഫോമുകള്‍ വഴി ഹാന്‍ഡ്ലര്‍മാരുമായി ബന്ധം പുലര്‍ത്തിയെന്നാണ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരിക്കുന്നത്. ഇവര്‍ പിടിയിലായിട്ടുണ്ട്.
ഡല്‍ഹി സ്‌ഫോടനവുമായി ബന്ധമുള്ളവരെ വിദേശ ഭീകരരായ ഡോ. ഒകാസ, ഡോ. ഹാഷിം എന്ന ആരിഫ് നിസാര്‍ എന്നീ കോഡ് നാമങ്ങള്‍ ഉപയോഗിച്ച് ബന്ധപ്പെട്ടെന്നാണ് വിവരം. ഭീകരവാദികളെ കൈകാര്യം ചെയ്യുന്നവരുടെ പാകിസ്ഥാന്‍ ഹാന്‍ഡ്ലര്‍ നിസാര്‍ ആണെന്നും, തുര്‍ക്കി ഹാന്‍ഡ്ലര്‍ ഒകാസ ആണെന്നും ഏജന്‍സികള്‍ വിശ്വസിക്കുന്നതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.

