ശ്രീനഗര്‍ : ഡല്‍ഹിയിലെ ചെങ്കോട്ടയില്‍ തിങ്കളാഴ്ചയുണ്ടായ സ്‌ഫോടനത്തിൻ്റെ പിന്നില്‍ പ്രവര്‍ത്തിച്ച ഉമര്‍ മുഹമ്മദിന്റെ വീട് സുരക്ഷാ സേന തകര്‍ത്തു. ഉമര്‍ മുഹമ്മദ് എന്ന ഉമര്‍ ഉന്‍-നബിയുടെ കശ്മീരിലെ വീടാണ് സുരക്ഷാ സേന ഇന്ന് പുലര്‍ച്ചെ തകര്‍ത്തത്. തെക്കന്‍ കശ്മീരിലെ പുല്‍വാമയില്‍ നിന്നുള്ള ഡോക്ടറായിരുന്നു ഉമര്‍ മുഹമ്മദ്. ചെങ്കോട്ടയ്ക്ക് സമീപം കാര്‍ സ്ഫോടനത്തില്‍ ഇയാളും കൊല്ലപ്പെട്ടിരുന്നു.
ഇന്ത്യയുടെ മണ്ണില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നവര്‍ക്ക് തക്കതായ താക്കീത് നല്‍കുക എന്നതാണ് കശ്മീരിലെ ഇയാളുടെ വീട് പൊളിച്ചുമാറ്റിയതിലൂടെ സൈന്യം നല്‍കുന്ന സന്ദേശം. നേരത്തെ, പഹല്‍ഗാം ഭീകരാക്രമണ ഗൂഢാലോചനയില്‍ ഉള്‍പ്പെട്ടവരുടെ വീടുകളും ഇത്തരത്തില്‍ ഇല്ലാതാക്കിയിരുന്നു.
ഫരീദാബാദിലെ അല്‍-ഫലാഹ് സര്‍വകലാശാലയിലെ ഡോക്ടറായ ഉമര്‍ ആണ് ചെങ്കോട്ടയ്ക്ക് സമീപമുള്ള നേതാജി സുഭാഷ് മാര്‍ഗിലെ ട്രാഫിക് സിഗ്‌നലിന് സമീപം പൊട്ടിത്തെറിച്ച ഹ്യുണ്ടായ് ഐ20 കാര്‍ ഓടിച്ചിരുന്നതെന്ന് കണ്ടെത്തിയിരുന്നു. സ്‌ഫോടനത്തില്‍ 13 പേര്‍ കൊല്ലപ്പെടുകയും 20 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

