വാഷിംഗ്ടൺ: ഭൂമിയുടെ മാഗ്നറ്റിക് ഫീൽഡിനെ ബാധിക്കുന്ന ശക്തമായ ജിയോ മാഗ്നറ്റിക് കൊടുങ്കാറ്റ് ബുധനാഴ്ച ഭൂമിയെ ബാധിക്കാനിടയുണ്ടെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകി. കൊടുങ്കാറ്റിന്റെ ഫലമായി അമേരിക്കയുടെ വടക്കൻ പകുതിയിലുടനീളം നോർത്തേൺ ലൈറ്റ്സ് കാണാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം. ജിയോ മാഗ്നറ്റിക് കൊടുങ്കാറ്റുകൾ ടെലികമ്മ്യൂണിക്കേഷൻസ്, വൈദ്യുതി വിതരണം, നാവിഗേഷൻ സംവിധാനങ്ങൾ എന്നിവയിൽ തടസ്സം സൃഷ്ടിക്കാമെങ്കിലും, അതിനൊപ്പം മനോഹരമായ നോർത്തേൺ ലൈറ്റ്സ് പ്രതിഭാസം യുഎസിലെ പല സംസ്ഥാനങ്ങളിലും കാണാനാകുമെന്ന് വിദഗ്ധരും പറഞ്ഞു.
അമേരിക്കൻ നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷൻ (NOAA) G4 (ഗൗരവമായ) നിലവാരത്തിലുള്ള കൊടുങ്കാറ്റിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സൂര്യനിൽ നിന്നുണ്ടായ കോറോണൽ മാസ് ഇജക്ഷൻ (CME) മൂലമാണ് ഈ പ്രതിഭാസം ഉണ്ടാകുന്നത്. സൂര്യൻ ഇടയ്ക്കിടെ പുറത്തേക്ക് വിടുന്ന വൻതോതിലുള്ള ഊർജ്ജ-പ്ലാസ്മാ മേഘങ്ങളെയാണ് കോറോണൽ മാസ് ഇജക്ഷൻ എന്നു വിളിക്കുന്നത്.
NOAAയുടെ റിപ്പോർട്ടിൽ പറഞ്ഞത് പ്രകാരം, കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായതിൽ ഏറ്റവും ശക്തവും വേഗമേറിയതുമായ കോറോണൽ മാസ് ഇജക്ഷൻ ആണ് ഇതെന്ന് പറയുന്നു. ഇതോടൊപ്പം ഉണ്ടായ സൂര്യവിഫ്ലോടനം (Solar Flare) ഇപ്പോഴത്തെ സൗരചക്രത്തിലെ ഏറ്റവും ശക്തമായതിലൊന്നാണ്. ചൊവ്വാഴ്ച പുലർച്ചെ 5 മണിയോടെ ഈ ഫ്ലെയർ ഉച്ചസ്ഥിതിയിൽ എത്തിയിരുന്നു. ഇതിന് R3 (ശക്തം) എന്ന റേറ്റിംഗാണ് നൽകിയിരിക്കുന്നത്.ബുധനാഴ്ച ഉച്ചയോടെ കൊടുങ്കാറ്റ് ഭൂമിയെ ബാധിക്കാനാണ് സാധ്യതയെന്ന് സ്പേസ് വെതർ പ്രെഡിക്ഷൻ സെന്റർ അറിയിച്ചു. എന്നാൽ കൃത്യമായ സമയം സംബന്ധിച്ച് അറിയിപ്പുകളില്ല.
അതേസമയം, വ്യാഴാഴ്ച മറ്റൊരു G3 (ശക്തമായ) കൊടുങ്കാറ്റും ഉണ്ടാകാനിടയുണ്ട്. NOAAയുടെ കണക്കുകൾ പ്രകാരം, അലബാമ വരെയും വടക്കൻ കാലിഫോർണിയ വരെയും നോർത്തേൺ ലൈറ്റ്സ് കാണാനാകാം.അലാസ്ക സർവകലാശാലയും സ്പേസ് വെതർ സെന്ററും നൽകിയ പ്രവചനപ്രകാരം, ലൈറ്റ്സ് കാണാനുള്ള മികച്ച സമയം ചൊവ്വാഴ്ച രാത്രി 10 മുതൽ ബുധനാഴ്ച പുലർച്ചെ 1 മണിവരെ ആയിരിക്കും. പോർട്ലാൻഡ് (ഒറിഗൺ), ഷയേൻ (വയോമിംഗ്), ന്യൂയോർക്ക്സിറ്റി എന്നിവിടങ്ങളിൽ കാണാമെന്ന് അലാസ്ക സർവകലാശാല അറിയിച്ചു. ഒക്ലഹോമ സിറ്റി, റാലി (നോർത്ത് കരോലിന) തുടങ്ങിയ തെക്കൻ നഗരങ്ങളിലും ആകാശത്തിനടുത്തായി ലൈറ്റ്സ് ദൃശ്യമാകാനിടയുണ്ട്.

