വാഷിങ്ടൺ: സിറിയൻ പ്രസിഡന്റ് അഹ്മദ് അശ്ശറായുടെ ഔദ്യോഗിക അമേരിക്കൻ സന്ദർശനത്തിന് തുടക്കമായി. വൈറ്റ് ഹൗസിലെത്തിയ അശ്ശറാ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തി. സിറിയയും അമേരിക്കയും തമ്മിലെ ഉഭയകക്ഷി ബന്ധം, ഇത് ശക്തിപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള വഴികൾ, പൊതുതാൽപര്യമുള്ള നിരവധി പ്രാദേശിക – അന്തർദേശീയ വിഷയങ്ങൾ എന്നിവ ചർച്ച ചെയ്തെന്ന് സിറിയ അറിയിച്ചു.
കൂടിക്കാഴ്ചക്ക് ശേഷം അശ്ശറായെ ട്രംപ് പ്രശംസിച്ചു. അദ്ദേഹം വളരെ ബുദ്ധിമുട്ടുള്ള ഒരു സ്ഥലത്തുനിന്നാണ് വരുന്നത്, ഒരു പരുക്കൻ മനുഷ്യനാണ്. എനിക്ക് അദ്ദേഹത്തെ ഇഷ്ടമാണ്… -ട്രംപ് പറഞ്ഞു. സിറിയയെ അഭിവൃദ്ധിപ്പെടുത്താൻ ഞങ്ങൾ ആവുന്നതെല്ലാം ചെയ്യും. കാരണം അത് പശ്ചിമേഷ്യയുടെ ഭാഗമാണ്. പശ്ചിമേഷ്യയിൽ ഇപ്പോൾ സമാധാനമുണ്ട്. അങ്ങനെയൊരു സംഭവം ആർക്കെങ്കിലും ഓർക്കാൻ കഴിയുന്നത് പോലും ഇതാദ്യമാണ് -ട്രംപ് കൂട്ടിച്ചേർത്തു. അശ്ശറായുടെ മുൻകാല അൽ ഖാഇദ ബന്ധത്തെക്കുറിച്ച് ചോദിച്ചപ്പോൾ ‘നമുക്കെല്ലാവർക്കും ദുഷ്‌കരമായ ഭൂതകാലം ഉണ്ടല്ലോ’ എന്നായിരുന്നു ട്രംപിന്‍റെ മറുപടി.
അൽ ഖാഇദയുമായുള്ള തന്റെ ബന്ധം കഴിഞ്ഞ കാല കാര്യമാണെന്നും ട്രംപുമായുള്ള കൂടിക്കാഴ്ചയിൽ അതിനെക്കുറിച്ച് ചർച്ച ചെയ്തില്ലെന്നും അശ്ശറാ കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളുടെ ചോദ്യത്തിന് ഉത്തരമായി പറഞ്ഞു. സിറിയ ഇപ്പോൾ അമേരിക്കയുടെ സഖ്യകക്ഷിയാണെന്നും അദ്ദേഹം പ്രതികരിച്ചു.
1946ൽ സിറിയ സ്വാതന്ത്ര്യം നേടിയ ശേഷം അമേരിക്കയിൽ ഔദ്യോഗിക സന്ദർശനം നടത്തുന്ന ആദ്യ സിറിയൻ പ്രസിഡന്റാണ് അശ്ശറാ. സെപ്റ്റംബറിൽ ഐക്യരാഷ്ട്ര സഭ പൊതുസഭയിൽ പ്രസംഗിക്കാന്‍ എത്തിയിരുന്നു.
വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ചതിന് മുന്നോടിയായി അശ്ശറായെ ഭീകരപട്ടികയിൽനിന്നും അമേരിക്കൻ ഭരണകൂടം ഒഴിവാക്കിയിരുന്നു. യു.എസ് ട്രഷറി ഡിപ്പാർട്ട്മെന്റാണ് ഭീകര പട്ടികയിൽനിന്നും നീക്കിയ കാര്യം അറിയിച്ചിരുന്നത്.
അശ്ശറാക്കെതിരായ ഉപരോധം ഐക്യരാഷ്ട്രസഭയും നീക്കിയിരുന്നു. അശ്ശറായെ കൂടാതെ ആഭ്യന്തര മന്ത്രി അനസ് ഹസൻ ഖത്താബിനെതിരായ ഉപരോധവും നീക്കിയിരുന്നു. അൽ ഖാഇദ ബന്ധത്തിന്റെ പേരിലാണ് ഇരുവർക്കുമെതിരെ ഉപരോധം ഏർപ്പെടുത്തിയിരുന്നത്. ഉപരോധം നീക്കിയതിന് ഐക്യരാഷ്ട്രസഭ രക്ഷാസമിതി അംഗീകാരം നൽകിയിട്ടുണ്ട്. അമേരിക്ക അവതരിപ്പിച്ച പ്രമേയം 14 അംഗങ്ങളുടെ പിന്തുണയോടെയാണ് പാസായത്. ചൈന വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നിരുന്നു.അൽ ഖാഇദ മുൻ കമാൻഡറായിരുന്ന അശ്ശറായുടെ തലക്ക് മുമ്പ് അമേരിക്ക 10 മില്യൺ ഡോളർ വിലയിട്ടിരുന്നു. നാലു വർഷം നീണ്ട സിറിയൻ ആഭ്യന്തര യുദ്ധത്തിൽ തകർന്ന രാജ്യത്തെ പുനർനിർമിക്കാൻ അശ്ശറാക്ക് കഴിയുമെന്നാണ് അമേരിക്ക പറയുന്നത്. മുൻ ഭരണാധികാരി ബശ്ശാർ അൽ അസദിനെ പുറത്താക്കിയ ശേഷം സിറിയയിൽ തെരഞ്ഞെടുപ്പ് നടന്നത് കഴിഞ്ഞ മാസമാണ്.

