Friday, December 5, 2025
HomeAmericaമംദാനിയുടെ നയങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് ന്യൂയോര്‍ക്ക് പോലീസ് സേനയിൽ നിന്ന് കൊഴിഞ്ഞുപോക്ക്

മംദാനിയുടെ നയങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് ന്യൂയോര്‍ക്ക് പോലീസ് സേനയിൽ നിന്ന് കൊഴിഞ്ഞുപോക്ക്

ന്യൂയോര്‍ക്ക് : മിന്നും വിജയം നേടി ന്യൂയോര്‍ക്ക് മേയര്‍ സ്ഥാനത്തേക്കെത്തിയ സൊഹ്‌റാന്‍ മംദാനിയുടെ നയങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് ന്യൂയോര്‍ക്കില്‍ നൂറുകണക്കിന് പൊലീസുകാര്‍ രാജിവച്ചെന്ന് റിപ്പോര്‍ട്ട്. മംദാനിയുടെ മേയര്‍ സ്ഥാനാരോഹണം ജനുവരിയിലാണ് നടക്കുക. അതിനു മുമ്പായി ന്യൂയോര്‍ക്ക് പൊലീസ്‌സേനയുടെ അംഗബലം കുറയുന്നുവെന്നാണ് ന്യൂയോര്‍ക്ക് പോസ്റ്റിന്റെ റിപ്പോര്‍ട്ട്.

പൊലീസ് പെന്‍ഷന്‍ ഫണ്ട് ഡാറ്റ പ്രകാരം, ഒക്ടോബറില്‍ ഓഫീസര്‍മാരുടെ പിരിഞ്ഞുപോകലില്‍ 35 ശതമാനം വര്‍ധനവാണ് കാണിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തില്‍ ഇത് 181 പേര്‍ പിരിഞ്ഞുപോയെങ്കില്‍ ഇക്കുറി 245 ഉദ്യോഗസ്ഥര്‍ രാജിവെച്ചെന്നാണ് റിപ്പോര്‍ട്ട്.”മംദാനി നടപ്പിലാക്കാന്‍ ആഗ്രഹിക്കുന്ന നയങ്ങളെക്കുറിച്ച് എല്ലാവരും ആശങ്കാകുലരായതിനാല്‍ മനോവീര്യം തകര്‍ന്നിരിക്കുന്നു,” ഡിറ്റക്ടീവ്‌സ് എന്‍ഡോവ്മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് സ്‌കോട്ട് മണ്‍റോ പറഞ്ഞു. ”നിയമപാലനത്തില്‍ വിശ്വസിക്കാത്ത ന്യൂയോര്‍ക്ക് സിറ്റി ഭരിക്കേണ്ട ഒരാള്‍ വരുന്നു. എല്ലാവരുടെയും വായില്‍ നിന്ന് വരുന്നത്, ‘ഞങ്ങള്‍ കുഴപ്പത്തിലാണ്’ എന്നാണ്”- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സേനയുടെ അംഗബലം കുറയുന്നത് ശുഭസൂചനയല്ലെന്ന് പൊലീസ് ബെനവലന്റ് അസോസിയേഷ(പിബിഎ)നും മുന്നറിയിപ്പ് നല്‍കി. ”ഓരോ മാസവും, നിരവധി പൊലീസുകാരെ ഞങ്ങള്‍ക്ക് നഷ്ടപ്പെടുന്നു. ഞങ്ങളുടെ സുസ്ഥിരമല്ലാത്ത ജോലിഭാരം, കാലഹരണപ്പെട്ട കരാര്‍, നല്ല പൊലീസുകാരെ ജോലിയില്‍ നിന്ന് അകറ്റുന്ന നിരന്തരമായ അനിശ്ചിതത്വം എന്നിവ പരിഹരിക്കാന്‍ ഞങ്ങളുടെ നഗര നേതാക്കള്‍ ഞങ്ങളോടൊപ്പം പ്രവര്‍ത്തിച്ചില്ലെങ്കില്‍ സ്ഥിതി കൂടുതല്‍ വഷളാകും.”-പിബിഎ പ്രസിഡന്റ് പാട്രിക് ഹെന്‍ഡ്രി ചൂണ്ടിക്കാട്ടി. ന്യൂയോര്‍ക്ക് പൊലീസ് ഡിപ്പാര്‍ട്ട്മെന്റില്‍ നിലവില്‍ 33,745 സജീവ ഉദ്യോഗസ്ഥരുണ്ട്.

മംദാനിയുടെ നിര്‍ദ്ദിഷ്ട പരിഷ്‌കാരങ്ങള്‍ സേനയെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കുമെന്ന ആശങ്ക വര്‍ദ്ധിച്ചുവരികയാണ്. പൊലീസ് സേനയ്ക്ക് പണം നല്‍കില്ലെന്നുംപൊലീസുകാരെ വംശീയവാദിയെന്നും സ്വവര്‍ഗാനുരാഗിയെന്നും വിളിച്ച മംദാനിയുടെ മുന്‍കാല പരാമര്‍ശങ്ങളാണ് പൊലീസ് സേനയെ ആശങ്കയിലാക്കുന്നത്.”നിങ്ങളെ വംശീയവാദിയെന്നും സ്വവര്‍ഗാനുരാഗി എന്നും കരുതുകയും പൊലീസിന് പണം നല്‍കാന്‍ ആഗ്രഹിക്കാത്തതുമായ ഒരാള്‍ക്ക് വേണ്ടി നിങ്ങള്‍ എങ്ങനെ ജോലി ചെയ്യും? കാര്യങ്ങള്‍ ഇതിനകം തന്നെ വളരെ ബുദ്ധിമുട്ടാണ്. ഈ സാഹചര്യത്തില്‍ നിങ്ങള്‍ എന്തിനാണ് തുടരാന്‍ ആഗ്രഹിക്കുന്നത്?” വിരമിച്ച ഒരു ഉദ്യോഗസ്ഥന്റെ ചോദ്യം ഇങ്ങനെ.

മംദാനി അധികാരത്തിലേറിയാല്‍, റിക്രൂട്ട്‌മെന്റ് കൂടുതല്‍ ബുദ്ധിമുട്ടാകുമെന്ന് ഒരു പൊലീസ് യൂണിയന്‍ കണ്‍സള്‍ട്ടന്റ് മുന്നറിയിപ്പ് നല്‍കി. ആരും ന്യൂയോര്‍ക്ക് സിറ്റി പോലീസാകാന്‍ ആഗ്രഹിക്കുന്നില്ലെന്നും പണത്തിനും സമ്മര്‍ദ്ദത്തിനും അപകടത്തിനും മേയര്‍ വില നല്‍കില്ലെന്നും ചിലര്‍ വിമര്‍ശിച്ചതായും ന്യൂയോര്‍ക്ക് പോസ്റ്റിന്റെ റിപ്പോര്‍ട്ടിലുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments